രാജി വെക്കുക എന്നതിലൂടെ സജി ചെറിയാന്‍ മാതൃക സൃഷ്ടിച്ചു: കോടിയേരി ബാലകൃഷ്ണൻ

single-img
8 July 2022

തനിക്കെതിരെ ആരോപണം ഉയർന്നപ്പോൾ രാജി വെച്ചതിലൂടെ സജി ചെറിയാന്‍ മാതൃക സൃഷ്ടിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . തന്റെ രാജിയിലൂടെ ഉന്നത ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിച്ചു. ഭരണഘടനാ തത്വങ്ങള്‍ക്കനുസരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. പുതിയ മന്ത്രിയെ ചുമതലപ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും വകുപ്പ് മാറ്റങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും കോടിയേരി പത്രസമ്മേളനത്തിൽ പറഞ്ഞു.

സജി ചെറിയാന് പകരം മന്ത്രിസഭയില്‍ മറ്റൊരു മന്ത്രിയെ നിശ്ചയിക്കാന്‍ തീരുമാനിച്ചിട്ടില്ലെല്ലെന്നും പുതിയ മന്ത്രിയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സജി ചെറിയാൻ വഹിച്ചിരുന്ന വകുപ്പുകള്‍ ആര്‍ക്ക് കൊടുക്കണം എന്നത് മുഖ്യമന്ത്രി തീരുമാനിക്കും. അതാത് സമയത്തെ സ്ഥിതിഗതികള്‍ നോക്കിയാകും മന്ത്രിസ്ഥാനത്തില്‍ തീരുമാനമുണ്ടാകുകയെന്നും കോടിയേരി കൂട്ടിച്ചേർത്തു.

ഇതോടൊപ്പം തന്നെ തിരുവനന്തപുരത്തെ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിലും കോടിയേരി പ്രതികരണം നടത്തി. രാത്രികാലത്ത് നടന്ന ആക്രമണ സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ സമയമെടുക്കും. സംഭവം പൊലീസ് ഊര്‍ജ്ജിതമായി അന്വേഷിക്കുന്നുണ്ട്. ശരിയായ രീതിയിലുള്ള അന്വേഷണത്തിലൂടെ മാത്രമേ പ്രതിയെ പിടിക്കാന്‍ കഴിയൂ എന്നും കോടിയേരിഅറിയിച്ചു.