കോവിഡിന്റെ പുതിയ ഉപവകഭേദം ബിഎ 2.75ന് വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന

single-img
8 July 2022

ജനീവ: കോവിഡിന്റെ പുതിയ ഉപവകഭേദം ബിഎ 2.75ന് വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന. പുതിയ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന നേരത്തെ സ്‌ഥിരീകരിച്ചിരുന്നു.

ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഉപവകഭേദം നിലവില്‍ പത്ത് രാജ്യങ്ങളില്‍ സ്‌ഥിരീകരിച്ചതായും ഡബ്ള്യുഎച്ച്‌ഒ മുഖ്യ ശാസ്‌ത്രജ്‌ഞ സൗമ്യ ഗോപിനാഥന്‍ പറഞ്ഞു.

വ്യാപനശേഷിയേറിയ വകഭേദമാണെന്നും കൂടുതല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോ എന്നതില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. പുതിയ വകഭേദത്തെക്കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്. ആഗോളതലത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ ശേഖരിച്ച്‌ കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഡബ്ള്യുഎച്ച്‌ഒ വ്യക്‌തമാക്കി.

അതേസമയം ഒരാഴ്‌ചക്കിടെ ലോകത്ത് കോവിഡ് വ്യാപനം ഏറിയതായി ഡബ്ള്യുഎച്ച്‌ഒ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് ഗബ്രിയേസിസ് ചൂണ്ടിക്കാട്ടി. പ്രതിവാര റിപ്പോര്‍ട് പുറത്തുവിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്നുവരെ 46 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 8100 കോവിഡ് മരണവും റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്.