രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയോട് പശ്ചിമ ബംഗാളിലേക്ക് വരേണ്ടെന്ന് നിര്‍ദ്ദേശിച്ച്‌ മമത ബാനര്‍ജി

single-img
8 July 2022

കൊല്‍ക്കത്ത:പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയോട് പശ്ചിമ ബംഗാളിലേക്ക് വരേണ്ടെന്ന് നിര്‍ദ്ദേശിച്ച്‌ മമത ബാനര്‍ജി.

ദ്രൗപദി മുര്‍മുവിനെതിരായ പരസ്യ നീക്കം വോട്ടു ബാങ്കില്‍ ചോര്‍ച്ചയ്ക്കിടയാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ഉപരാഷ്ട്രപതി തെര‍‍ഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ത്ഥിക്കായി ഇതിനിടെ ശരദ് പവാര്‍ ചര്‍ച്ചകള്‍ തുടങ്ങി.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ദില്ലിയില്‍ ആദ്യ യോഗം വിളിച്ചത് മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസ് വിളിച്ചാല്‍ പല പാര്‍ട്ടികളും വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗത്തിന് മമത മുന്‍കൈ എടുത്തത്. യശ്വന്ത് സിന്‍ഹയെ ഒടുവില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച യോഗത്തില്‍ അദ്ധ്യക്ഷനായത് ശരദ് പവാറാണ്. എന്‍ഡിഎ ദ്രൗപദി മുര്‍മുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ മമത ബാനര്‍ജി വെട്ടിലായി. പശ്ചിമ ബംഗാളിലെ പട്ടിക വിഭാഗം തൃണമൂല്‍ കോണ്‍ഗ്രസിനറെ വോട്ടുബാങ്കാണ്. സാന്താള്‍ വിഭാഗത്തിലെ ഒരു വനിതയെ പരസ്യമായി എതിര്‍ക്കുന്നത് വോട്ടുബാങ്ക് ചോരാന്‍ ഇടയാക്കും എന്നാണ് മമത കരുതുന്നത്. അതിനാല്‍ യശ്വന്ത് സിന്‍ഹയോട് ബംഗാളിലേക്ക് വരേണ്ടെന്ന് മമത നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ കാര്യങ്ങള്‍ താന്‍ നോക്കികോളാം എന്ന ഉറപ്പും നല്കി. സിന്‍ഹയ്ക്കു തന്നെയാവും വോട്ടെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്. തല്ക്കാലം പരസ്യനീക്കം വേണ്ടെന്നാണ് നിലപാട്. ജെഎംഎം ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഝാര്‍ഖണ്ടിലേക്കുള്ള യാത്രയും യശ്വന്ത് സിന്‍ഹ വേണ്ടെന്നു വച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നത് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കത്തെയും ബാധിച്ചിട്ടുണ്ട്. ശരദ് പവാറിന്‍റെ വീട്ടില്‍ ഇന്നലെ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേര്‍ന്നെങ്കിലും ഒരു പേരിലേക്ക് എത്താനായില്ലെന്നാണ് സൂചന.