സിപിഎം വയനാട് ജില്ലാസെക്രട്ടറിയുടെ മകന്റെ അധ്യാപക നിയമന ക്രമക്കേട്: അന്വേഷണ റിപ്പോർട്ട് നൽകി

single-img
8 July 2022

സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്‍റെ അധ്യാപക നിയമന വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. വെള്ളമുണ്ട, തരുവണ സ്കൂളുകളിലെത്തി രേഖകൾ പരിശോധിച്ച ശേഷമാണ് ജില്ലാ വിദ്യാഭ്യസ വകുപ്പ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.

കുട്ടികളുടെ എണ്ണം വർധിപ്പിച്ച് ക്ലാസ് ഡിവിഷൻ സംരക്ഷിക്കുന്നതിനായി തരുവണ ഗവ. യു.പി. സ്കൂളിൽനിന്ന് വെള്ളമുണ്ട എ.യു.പി.യിലേക്ക് കുട്ടികളെ മാറ്റിയെന്നാണ് ആരോപണം.

സ്കൂളിലെ ആറാംപ്രവൃത്തിദിനത്തിൽ സമ്പൂർണ ഓൺലൈൻ വെബ്പോർട്ടലിൽ നൽകുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തികനിർണയം. ഇതുസംബന്ധിച്ചുള്ള കൃത്യമായ മാർഗനിർദേശം ജൂൺ തുടക്കത്തിൽതന്നെ പൊതുവിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ചിരുന്നു.

ഇതുപ്രകാരം ആറാംപ്രവൃത്തി ദിവസമായ ജൂൺ എട്ടിന് വൈകീട്ട് അഞ്ചുവരെയാണ് സമ്പൂർണയിൽ മാറ്റങ്ങൾ വരുത്താനുള്ള സമയപരിധി. എന്നാൽ തരുവണ ജി.യു.പി. സ്കൂളിൽനിന്ന് അന്ന് എ.യു.പി. സ്കൂളിലേക്ക് ട്രാൻസ്ഫർ നൽകിയ നാല് വിദ്യാർഥികളിൽ രണ്ടുപേർക്ക് രാത്രി എട്ടുമണിയോടെയാണ് വിടുതൽസർട്ടിഫിക്കറ്റ് നൽകിയതെന്ന് വിവരാവകാശരേഖയിൽ പറയുന്നു

എയ്ഡഡ് വിദ്യാലയത്തിൽ പുതിയ തസ്തിക സൃഷ്ടിച്ചശേഷം സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന് സ്കൂളിൽ ജോലിനൽകാൻ വേണ്ടിയാണ് ഇത്തരത്തിൽ ചട്ടവിരുദ്ധനടപടിയെന്നാണ് ആരോപണം. അന്ന് സൈറ്റ് ഹാങ്ങായതിനാൽ പ്രത്യേക അനുമതി വാങ്ങിയാണ് രാത്രി ടി.സി. നൽകിയതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

വയനാട് വിദ്യാഭ്യസ വകുപ്പിലെ അക്കൗണ്ട്സ് ഓഫീസർ കെ സി രജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. ഉദ്യോഗസ്ഥർ വെള്ളമുണ്ട എയുപി സ്കൂളിലും തരുവണ സർക്കാർ സ്കൂളിലും നേരിട്ടെത്തി അന്വേഷണം നടത്തി. സ്കൂളിലെ രേഖകൾ പരിശോധിച്ചു. മാനന്തവാടി എഇഒയിൽ നിന്നും വിവരങ്ങൾ തേടി.

പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയ റിപ്പോർട്ടിലെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരില്ലാതെ അന്വേഷണ ചുമതല അക്കൗണ്ട്സ് ഓഫീസർക്ക് നൽകിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.