പറയാന്‍ ഉള്ളതെല്ലാം പറഞ്ഞു; സിപിഎമ്മിന്റെ സാധാരണ പ്രവര്‍ത്തകനായി ജനങ്ങള്‍ക്കൊപ്പമുണ്ടാകും: സജി ചെറിയാൻ

single-img
7 July 2022

ഭരണഘടനയെ അധിക്ഷേപിച്ചെന്ന ആരോപണത്താൽ കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം രാജിവച്ച ശേഷം സജി ചെറിയാന്‍ ഇന്ന് ചെങ്ങന്നൂരിലെ തന്റെ സ്വന്തം വസതിയില്‍ എത്തി. പറയാന്‍ ഉള്ളതെല്ലാം താൻ പറഞ്ഞുവെന്നും സിപിഎമ്മിന്റെ സാധാരണ പ്രവര്‍ത്തകനായി ജനങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുമെന്നും സജി പറഞ്ഞു. സിപിഎമ്മിന്റെ നിലപാട് ഉയര്‍ത്തിപിടിച്ചാണ് തന്റെ രാജിയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്ന് ചെങ്ങന്നൂരിലെത്തിയ സജി ചെറിയാനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങൾ മുഴക്കി ആവേശത്തോടെ സ്വീകരിച്ചു. ചെങ്ങന്നൂരിലെ സിപിഎമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സജി ചെറിയാന് വേണ്ടി സ്വീകരണം ഒരുക്കുകയായിരുന്നു.

മുൻ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇന്ന് ചെങ്ങന്നൂരിലെത്തിയത്. നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെ ഇന്ന് തന്നെ അദ്ദേഹം മടങ്ങിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.