കണ്ണൂര്‍ ജില്ലയില്‍ കടലേറ്റം രൂക്ഷം

single-img
7 July 2022

കണ്ണൂര്‍: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കടലേറ്റം രൂക്ഷം. കണ്ണൂര്‍, പുതിയങ്ങാടി, മാട്ടൂല്‍, തലശ്ശേരി മേഖലകളില്‍ കടല്‍ കരയിലേക്ക് കയറിയിട്ടുണ്ട്.

ജില്ലയിലെ ബീച്ചുകളില്‍ സഞ്ചാരികള്‍ക്ക് നാലുദിവസമായി നിയന്ത്രണം തുടരുകയാണ്. പയ്യാമ്ബലത്തും മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലുമടക്കം സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും പൊലീസും ലൈഫ് ഗാര്‍ഡുമാരും ഇടപെട്ട് തിരിച്ചയക്കുകയാണ്. 20 മീറ്ററിലധികം കടല്‍ കരയിലേക്ക് കയറിയിട്ടുണ്ട്. പയ്യാമ്ബലത്ത് ഞായറാഴ്ച അയ്യായിരത്തിലധികം സഞ്ചാരികള്‍ എത്തിയിരുന്നു. കടലില്‍ ഇറങ്ങുന്നത് പൊലീസ് ഇടപെട്ട് വിലക്കുകയായിരുന്നു. ഉയര്‍ന്ന തിരമാലകളാണ് തീരത്ത്.

ജില്ലയില്‍ ഈ മാസം 10 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൂന്ന്, നാല് ദിവസം കൂടി കടലേറ്റം രൂക്ഷമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞയാഴ്ച പയ്യാമ്ബലത്ത് കടലില്‍ അകപ്പെട്ട വയോധികയെ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുതിയ ഇരിപ്പിടത്തിന്റെ ഭാഗത്തുനിന്നും കൈയിലെ ഞരമ്ബുമുറിച്ച്‌ കടലില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ച റെയില്‍വേ ഉദ്യോഗസ്ഥനെ വലിയ തിരമാലകള്‍ക്കിടയില്‍ നിന്ന് സാഹസികമായാണ് രക്ഷിച്ചത്. കടല്‍ പ്രക്ഷുബ്ധമാകുമ്ബോഴും വെള്ളത്തിലിറങ്ങാനെത്തുന്നവര്‍ ഏറെയാണ്.

ആവശ്യത്തിന് ലൈഫ് ഗാര്‍ഡുമാരുടെ എണ്ണം ജില്ലയിലെ ബീച്ചുകളിലുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ഈ മാസം10 വരെ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കടല്‍ക്ഷോഭത്തിനു സാധ്യതയേറെയാണ്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് മാറിത്താമസിക്കാന്‍ അധികൃതരുടെ നിര്‍ദേശമുണ്ട്. ബോട്ടും വള്ളവും ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദേശം