പോക്സോ കേസ് ശ്രീജിത്ത് രവി റിമാൻഡിൽ

single-img
7 July 2022

തൃശൂര്‍: കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന കേസില്‍ നടന്‍ ശ്രീജിത്ത് രവി റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് ശ്രീജിത്ത് രവിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

മരുന്ന് കഴിക്കുന്നുണ്ടെന്നും തുടര്‍ ചികിത്സ ആവശ്യമാണെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു ശ്രീജിത്ത് രവിയുടെ ആവശ്യം. അതേസമയം, ശ്രീജിത്ത് രവിയുടെ ഹരജിയുടെ തുടക്കം മുതല്‍ തന്നെ ജാമ്യം നല്‍കരുതെന്ന നിലപാടായിരുന്നു പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.

തൃശൂര്‍ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ നടനെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ എസ്.എന്‍ പാര്‍ക്കിന് സമീപത്ത് വെച്ചാണ് കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത കാട്ടിയത്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

രണ്ട് ദിവസം മുന്‍പ് തൃശ്ശൂര്‍ എസ്.എന്‍ പാര്‍ക്കിന് സമീപത്ത് വെച്ച്‌ 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച്‌ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. എന്നാല്‍, പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു.

കാറിനെ കുറിച്ച്‌ ലഭിച്ച സൂചനകള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമായി. സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.