കാളി വിഷയത്തിൽ മഹുവയെ തള്ളി തൃണമൂൽ നേതൃത്വം; തൃണമൂലിന്റെയും മമത ബാനര്‍ജിയുടെയും ട്വിറ്റര്‍ അണ്‍ഫോളോ ചെയ്ത് മഹുവ

single-img
6 July 2022

കാളി ദേവിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിഷയത്തിൽ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്ത് എം പി മഹുവ മൊയ്ത്ര. പ്രശസ്ത സംവിധായിക ലീന മണിമേഖലൈയുമായി ബന്ധപ്പെട്ട കാളി പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ചതിന് പിന്നാലെ മഹുവയെ തള്ളി പാര്‍ട്ടി നേതൃത്വം പ്രസ്താവന പുറത്തിറക്കിയിരുന്നു.

ഇതിനെ തുടർന്നാണ് മഹുവ ട്വിറ്റര്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്തിരിക്കുന്നത്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ‘നിങ്ങളുടെ ദൈവം എങ്ങനെ ആയിരിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കാളി ഇറച്ചി കഴിക്കുന്ന, മദ്യം കഴിക്കുന്ന ദൈവമാണ്. ദൈവങ്ങള്‍ക്ക് വിസ്‌കി വരെ നേര്‍ച്ച സമര്‍പ്പിക്കുന്ന ചിലയിടങ്ങളുണ്ട്,’ എന്ന് സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ചത്.

കാളിദേവിയുടെ വേഷത്തില്‍ ഇരിക്കുന്ന സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിനെതിരെ ഉയർന്ന പരാതിയിൽ ലീന മണിമേഖലൈയ്ക്കെതിരെ യു പി പൊലീസും ഡല്‍ഹി പൊലീസും കേസെടുത്തിരുന്നു.