ആത്മീയ നേതാവ് സൂഫീ ബാബയെ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തി
സൂഫീ ബാബ എന്ന പേരിൽ അറിയപ്പെടുന്ന ആത്മീയ നേതാവിനെ മഹാരാഷ്ട്രയിലെ യേവ്‌ല ടൗണില്‍ വെച്ച് അജ്ഞാതസംഘം വെടിവെച്ചു കൊലപ്പെടുത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സംസ്ഥാനത്തെ നാസിക് ജില്ലയിലെ യേവ്‌ലയില്‍ താമസിക്കുന്ന അഫ്ഗാന്‍ സ്വദേശിയായ സൂഫീ ബാബയുടെ യഥാര്‍ത്ഥ പേര് ഖാജാ സയ്യിദ് ചിസ്തിയെന്നാണ്.
തലയ്ക്ക് തന്നെ വെടിയേറ്റ ഖാജാ സയ്യിദ് തൽക്ഷണം മരിച്ചതായാണ് റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം ഈ സംഘം സൂഫി ബാബയുടെ വാഹനത്തിൽ രക്ഷപ്പെട്ടു. ആക്രമണത്തിന് പിന്നിൽ സൂഫി ബാബയുടെ ഡ്രൈവറാണെന്ന ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്.
നാസിക്കിലെ യെവ്‌ല പട്ടണത്തിലാണ് സൂഫി ബാബ വർഷങ്ങളോളം താമസിച്ചിരുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം, ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടായതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.