രണ്ടാം പിണറായി സർക്കാരിൽ രാജി വെക്കുന്ന ആദ്യത്തെ മന്ത്രിയാകും സജി ചെറിയാൻ

single-img
6 July 2022

ഭരണഘടനാവിരുദ്ധ പരാമർശങ്ങൾ നടത്തിയപ്പേരിൽ മന്ത്രി സജി ചെറിയാനെതിരെ പ്രതിപക്ഷത്തിനൊപ്പം ഇടതു മുന്നണിയിലെ ഘടക കക്ഷികളും ചേരുമ്പോൾ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന ആവശ്യം ഇടതുമുന്നണിക്കും ആഭ്യന്തര പ്രശ്നമായി മാറുകയാണ്. നിലവിൽ സിപിഐ ദേശീയ നേതൃത്വം ഈ വിഷയത്തിൽ സിപിഎമ്മുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു.

കേരളത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രാജി വിഷയത്തിൽ നാളെ തീരുമാനമെടുക്കും. ഇന്ന് എകെ ജി ഭവനിൽ അവയിലബിൾ സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചചെയ്തെങ്കിലും അന്തിമ തീരുമാനം നാളെ ചേരുന്ന സമ്പൂർണ സെക്രട്ടറിയേറ്റ് യോഗത്തിൽ മതിയെന്നാണ് തീരുമാനം ഉണ്ടായത്. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിൽ രണ്ടാം പിണറായി സർക്കാരിൽ രാജി വെക്കുന്ന ആദ്യത്തെ മന്ത്രിയാകും സജി ചെറിയാൻ എന്നാണ് ലഭ്യമാകുന്ന വിവരം.

കാരണം, മന്ത്രിയുടെ പരാമർശത്തിൽ സിപിഎം കേന്ദ്രനേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. ഡൽഹിയിൽ നിന്നും സംസ്ഥാന നേതൃത്വത്തോട് വിവരം തേടിയെന്നും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. അതേസമയം, രാജി വെച്ചാലും മന്ത്രിസഭയിലേക്ക് പുതിയൊരു മന്ത്രി സ്ഥാനം ഏറ്റെടുക്കില്ല. പകരം കോടതിയിൽ നിന്നും അനുകൂല വിധി നേടി സജി ചെറിയാന് മന്ത്രിയായി തിരികെ വരാൻ അവസരം ഒരുക്കുകയാണ് വേണ്ടതെന്നാണ് മുന്നണി കരുതുന്നത്. കോടതിയിൽ നിന്ന് തീരുമാനം വരുന്നതുവരെ സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കട്ടെയെന്നാണ് സിപിഐ അടക്കമുള്ള ഘടകകക്ഷികൾ സ്വീകരിച്ചിരിക്കുന്ന നിലപാടും.

ഇന്ന് ചേർന്ന സിപിഎം അവയിലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ മന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. എതിരാളികൾക്ക് ആയുധം നൽകുന്ന പ്രവർത്തിയായിരുന്നെന്നും വാക്കുകളിൽ മിതത്വം പാലിക്കേണ്ടിയിരുന്നെന്നും നേതാക്കൾ ചൂണ്ടിക്കാണിച്ചു.