മുതിർന്ന മന്ത്രിമാർ രാജിവെച്ചു; ബ്രിട്ടനിൽ ജോണ്‍സണ്‍ സര്‍ക്കാരിന്റെ ഭാവി പ്രതിസന്ധിയില്‍

single-img
6 July 2022

ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി സര്‍ക്കാരില്‍ നിയമിച്ചതിനെതിരേ ആരംഭിച്ച പ്രതിഷേധം ബ്രിട്ടനിൽ മന്ത്രിസഭയെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുന്നു. ശക്തമായ പ്രതിഷേധങ്ങളാൽ ക്രിസ് പിഞ്ചര്‍ രാജിവെച്ചിരുന്നു എങ്കിലും ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനാണെന്നറിഞ്ഞിട്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരമാണ് ഇപ്പോൾ മന്ത്രിസഭയെ ബാധിച്ചത്.

ഇന്ന് രാവിലെ ബ്രിട്ടനില്‍ ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിന് കനത്ത തിരിച്ചടിയായി ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന രണ്ടു മന്ത്രിമാര്‍ തന്നെയാണ് മന്ത്രിസഭയില്‍നിന്നു രാജിവച്ചുപുറത്തുപോയത്. ആരോഗ്യ മന്ത്രി സാജിദ് ജാവിദും ധനമന്ത്രി ഋഷി സുനക്കുമാണ് മിനുറ്റുകളുടെ വ്യത്യാസത്തില്‍ രാജിപ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്.

ക്രിസ് പിഞ്ചറിന്റെ പാർലമെന്റ് നിയമനത്തില്‍ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയുമാണ് ഇരു മന്ത്രിമാരും ഇന്ന് രാജിവച്ചത്. ഇരുവരുടെയും രാജിക്ക് പിന്നാലെ മൊറോക്കോയിലെ ബോറിസിന്റെ വാണിജ്യ പ്രതിനിധിയായ ആന്‍ഡ്രൂ മിറിസണും ടോറി വൈസ് ചെയര്‍ ബിം അഫോലമിയും രാജി പ്രഖ്യാപിച്ചു. നിലവിൽ ജോൺസിന്റെപാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പലരും രാജിവച്ചവര്‍ക്കും പ്രധാനമന്ത്രിക്കും പിന്തുണയുമായി രണ്ടായി തിരിയുന്ന കാഴ്ചയാണ് വെസ്റ്റ്മിനിസ്റ്ററില്‍ കാണാൻ സാധിക്കുന്നത്.