ഒരു നിമിഷംപോലും സജി ചെറിയാന് മന്ത്രിസ്ഥാനത്ത് തുടരാൻ അവകാശമില്ല: രമേശ് ചെന്നിത്തല

single-img
5 July 2022

ഇന്ത്യയുടെ ഭരണഘടനയെ അപമാനിക്കുന്നതിൽ കുറഞ്ഞ പ്രവർത്തിയൊന്നുമല്ല ഇന്ന് മന്ത്രി സജി ചെറിയാന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദേശീയ മഹിമകളെ അപമാനിക്കുന്നത് തടയുന്നതിനുള്ള 1971-ൽ പാസ്സാക്കിയ നിയമപ്രകാരമുള്ള കുറ്റമാണ് സംസ്ഥാനത്തെ ഒരു മന്ത്രി ചെയ്തിരിക്കുന്നത്. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽക്കുറ്റമാണിതെന്നും അദ്ദേഹം പറയുന്നു.

കേരള രാഷ്ട്രീയത്തില്‍ ആര്‍ ബാലകൃഷ്ണപിളളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗമാണ് നമ്മുടെ മുന്‍പിലുളളത്. ആ പ്രസംഗത്തിലൂടെ അദ്ദേഹത്തിന് രാജി വെയ്ക്കേണ്ടി വന്നു. അതുകൊണ്ട് മന്ത്രി സജി ചെറിയാന് അധികാരത്തില്‍ തുടരുവാന്‍ അവകാശമില്ല എന്നും ചെന്നിത്തല പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇന്ത്യയുടെ ഭരണഘടനയെ അപമാനിക്കുന്നതിൽ കുറഞ്ഞ പ്രവർത്തിയൊന്നുമല്ല ഇന്ന് മന്ത്രി സജി ചെറിയാന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത് സത്യപ്രതിജ്ഞാലംഘനം കൂടിയാണ്. അതുകൊണ്ട് ഒരു നിമിഷംപോലും അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാൻ അവകാശമില്ല.

ദേശീയ മഹിമകളെ അപമാനിക്കുന്നത് തടയുന്നതിനുള്ള 1971-ൽ പാസ്സാക്കിയ നിയമപ്രകാരമുള്ള കുറ്റമാണ് സംസ്ഥാനത്തെ ഒരു മന്ത്രി ചെയ്തിരിക്കുന്നത്. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽക്കുറ്റമാണിത്. ബി.ആർ അംബേദ്കറും ജവഹർലാൽ നെഹ്‌റുവുമടക്കം ഭരണഘടന വിഭാവനം ചെയ്ത മഹദ് വ്യക്തികളെ അപമാനിക്കുക കൂടിയാണ് മന്ത്രി ചെയ്തിരിക്കുന്നത്.

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരുന്ന ഒരു മന്ത്രിക്ക് എങ്ങനെയാണ് ആ ഭരണഘടനയെ ഇത്രയും മോശമായി ചിത്രീകരിക്കുവാൻ കഴിയുക? അങ്ങനെയുള്ള മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരുവാൻ കഴിയും? വളരെ ഗൗരവതരമായ വിഷയമാണിത്.

കേരള രാഷ്ട്രീയത്തില്‍ ആര്‍ ബാലകൃഷ്ണപിളളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗമാണ് നമ്മുടെ മുന്‍പിലുളളത്. ആ പ്രസംഗത്തിലൂടെ അദ്ദേഹത്തിന് രാജി വെയ്ക്കേണ്ടി വന്നു. അതുകൊണ്ട് മന്ത്രി സജി ചെറിയാന് അധികാരത്തില്‍ തുടരുവാന്‍ അവകാശമില്ല. അദ്ദേഹം രാജിവെച്ച് പുറത്തുപോകണം. അതല്ലെങ്കിൽ രാജി ചോദിച്ചു വാങ്ങാൻ മുഖ്യമന്ത്രി തയ്യാറാകണം. ഭരണഘടനയോട് കൂറും ബഹുമാനവും പുലർത്തുന്നുവെങ്കിൽ മുഖ്യമന്ത്രി ആദ്യം ചെയ്യണ്ടത് അതാണ്.