അമേരിക്കയില്‍ സ്വതന്ത്ര്യദിന പരേഡിനിടെ വെടിവെപ്പ്; ആറു പേര്‍ കൊല്ലപ്പെട്ടു, അക്രമി പിടിയിൽ

single-img
5 July 2022

യു.എസ്സിൽ സ്വതന്ത്ര്യദിന പരേഡിനിടെയുണ്ടായ വെടിവെപ്പിൽ ആറുപേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഷിക്കാഗോയിലെ ഹൈലാൻഡ് പാർക്കിലാണ് സംഭവം. 22കാരനായ റോബർട്ട് ക്രീമോയാണ് പിടിയിലായത്

ആഘോഷം തുടങ്ങി മിനിറ്റുകള്‍ക്കുളളിലാണ് റോബർട്ട് ക്രീമോ ചില്ലറ വില്‍പ്പനശാലയുടെ മേല്‍ക്കൂരയില്‍ നിന്ന് പരേഡിലേക്ക് വെടിയുതിര്‍ത്തത്. ആക്രമണത്തിൽ പരുക്കേറ്റ 24 പേരെ ഹൈലാന്‍ഡ് പാര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിറ്റി പോലീസ് കമാന്‍ഡര്‍ ക്രിസ് ഒ നീല്‍ അറിയിച്ചു.

പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരേഡില്‍ പങ്കെടുത്തവർ ‘തോക്കുകള്‍’ എന്നലറിക്കൊണ്ട് പരിഭ്രാന്തരായി ഓടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ജൂലൈ 4-ലെ എല്ലാ പരിപാടികളും റദ്ദാക്കിയതായി ഹൈലാന്‍ഡ് പാര്‍ക്ക് പൊലീസ് അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട് എന്നും പോലീസ് പറഞ്ഞു.

ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് വെബ്സൈറ്റ് പ്രകാരം അമേരിക്കയില്‍ പ്രതിവര്‍ഷം ആത്മഹത്യ ഉള്‍പ്പടെ 40,000 മരണങ്ങളാണ് തോക്കുകള്‍ കൊണ്ട് ഉണ്ടാകുന്നത്. ന്യൂയോര്‍ക്കിലെ അപ്സ്റ്റേറ്റില്‍ കഴിഞ്ഞ മെയ് മാസത്തിലാണ് രണ്ട് കൂട്ടക്കൊലകള്‍ നടന്നത്. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം തോക്ക് സുരക്ഷ സംബന്ധിച്ച ആദ്യത്തെ സുപ്രധാന ബില്‍ കോണ്‍ഗ്രസ് പാസാക്കിയിരുന്നു. പ്രസിഡന്റ് ജോ ബൈഡന്‍ ജൂണ്‍ അവസാനത്തോടെയാണ് നിയമത്തില്‍ ഒപ്പുവച്ചത്.