രാഹുല്‍ ഗാന്ധിയുടെ വ്യാജ വിഡിയോ; സീ ടി.വി അവതാരകനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഛത്തീസ്ഗഡ് പൊലീസ്

single-img
5 July 2022

രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ സി ചാനല്‍ അവതാരകന്‍ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഛത്തീസ്ഗഡ് പൊലീസ്. ഇതിനായി സി ചാനല്‍ അവതാരകന്‍ രോഹിത് രഞ്ജന്റെ ഗാസിയാബാദിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ ചത്തീസ്ഗഢ് പോലീസെത്തി. രോഹിത് നിയമനടപടികളോട് സഹകരിക്കണമെന്ന് ചത്തീസ്ഗഢ് പോലീസ് ആവശ്യപ്പെട്ടു.

കല്‍പ്പറ്റയിലെ തന്റെ ഓഫീസ് ആക്രമിച്ച വിദ്യാര്‍ഥികളോട് ക്ഷമിച്ചതായി രാഹുല്‍ ഗാന്ധി നേരത്തെ വയനാട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ എടുത്ത് ഉദയ്പുരില്‍ തയ്യല്‍ തൊഴിലാളിയെ കൊന്നവരോട് രാഹുല്‍ ഗാന്ധി ക്ഷമിച്ചെന്ന തരത്തില്‍ എഡിറ്റ് ചെയ്തു സംപ്രേഷണം ചെയ്തതിനാണു സി ചാനല്‍ അവതാരകനെ അറസ്റ്റ്‌ ചെയ്യുന്നത്.

ബി ജെ പി നേതാവും മുന്‍മന്ത്രിയുമായ രാജ്യവര്‍ദ്ധന്‍ സിംഗ് ഉൾപ്പടെ നിരവധി പേർക്കെതിരെ നേരത്തെ ഛത്തീസ്ഗഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വ്യാജ വീഡിയോ നിരവധി ബി ജെ പി നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

രാജ്യത്ത് വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണ് ബി ജെ പി ഇത്തരം വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഇതിന് ുപിന്നാലെയാണ് ഇപ്പോള്‍ ചത്തീസ്ഗഢ് പോലീസ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും സമാന വീഡിയോക്കെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം.