പഞ്ചാബിലെ ആപ് സർക്കാർ 2 മാസത്തിനിടെ നൽകിയത് 37 കോടിയുടെ പരസ്യം

single-img
5 July 2022

പഞ്ചാബിൽ അധികാരത്തിലേറിയ ആം ആദ്മി പാർട്ടി സർക്കാർ രണ്ടു മാസം കൊണ്ട് മാധ്യമങ്ങളിൽ പരസ്യം ചെയ്യാൻ ചെലവഴിച്ചത് 37 കോടി രൂപ. മാർച്ച് 11 മുതൽ മേയ് 10 വരെയുള്ള രണ്ടുമാസം കൊണ്ടാണ് ഇത്രയും തുക ചെലവിട്ടത്. വിവരാവകാശ നിയപ്രകാരം നൽകിയ മറുപടിയിലാണ് പഞ്ചാബ് സർക്കാറിന്റെ ദൂർത്തിന്റെ വിവരങ്ങൾ ഉള്ളത്.

ടി.വി, റേഡിയോ പരസ്യങ്ങൾക്കായി 20 കോടി രൂപയും പത്രപരസ്യങ്ങൾക്കായി 17.21 കോടി രൂപയുമാണ് നൽകിയത്. ഇതിൽ സംഘ്പരിവാർ ആഭിമുഖ്യമുള്ള, വിദ്വേഷ പ്രചാരണത്തിന് കുപ്രശസ്തിയാർജിച്ച സുദർശൻ ന്യൂസും അർണബ് ഗോസാമിയുടെ റിപബ്ലിക് ടിവിയും സീന്യൂസും ഉൾപ്പെടും.

സുദർശൻ ന്യൂസിനും റിപബ്ലിക് ടിവിക്കും അഭിമുഖം നൽകുന്നതും ചർച്ചകളിൽ പങ്കെടുക്കുന്നതിനും എഎപി നേതാക്ക​ളെ അരവിന്ദ് കെജ്‌രിവാൾ വിലക്കിയിരുന്നു. അതിനിടെയാണ് ഈ ചാനലുകൾക്ക് കോടികളുടെ പരസ്യം ആപ് സർക്കാർ നൽകിയത്. 17,39,202 രൂപയാണ് സുദർശൻ ന്യൂസിന് രണ്ടുമാസത്തിനിടെ നൽകിയത്. 1,04,45,744 രൂപ റിപബ്ലിക് ടി.വി ഭാരതിനും 18,21,950 രൂപ റിപബ്ലിക് ടി.വിക്കും നൽകി. സീന്യൂസിൽ 84,62,813 രൂപയുടെ പരസ്യമാണ് ഇക്കാലയളവിൽ ആം ആദ്മി സർക്കാർ നൽകിയത്.