അഗ്‌നിപഥ്: നാവികസേനയില്‍ ചേരാന്‍ ഒരാഴ്ചക്കുള്ളിൽ അപേക്ഷിച്ചത് 10,000 വനിതകള്‍

single-img
4 July 2022

ഇന്ത്യൻ നാവികസേനയിൽ കരാർ നിയമന പദ്ധതിയായ ‘അഗ്‌നിപഥ്’ റിക്രൂട്ട്മെന്റ് പ്ലാനിനായി ഒരാഴ്ചയ്ക്കുള്ളില്‍ പതിനായിരത്തോളം വനിതകള്‍ രജിസ്റ്റര്‍ ചെയ്തതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പരിവര്‍ത്തന പദ്ധതി സായുധ സേനയുടെ സുപ്രധാന ചുവടുവയ്പാണെന്നും നാവികസേന പറയുന്നു.

രജിസ്‌ട്രേഷൻ അവസാനിച്ചാൽ ജൂലൈ 15 മുതല്‍ ജൂലൈ 30 വരെ റിക്രൂട്ട്മെന്റിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്ത്യന്‍ നാവികസേന പരിഗണിക്കും. ഈ വർഷം സേനയിൽ ഉള്‍പ്പെടുത്തുന്ന 3,000 നാവിക അഗ്‌നിവീറുകളില്‍ എത്ര ശതമാനം വനിതകള്‍ ഉണ്ടാവുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. നവംബര്‍ 21-ന് ഇന്ത്യന്‍ നാവികസേനയിലെ നാവികര്‍ക്കുള്ള പ്രധാന അടിസ്ഥാന പരിശീലന സ്ഥാപനമായ ഐഎന്‍എസ് ചില്‍ക്കയില്‍ വനിതാ നാവികര്‍ക്ക് പരിശീലനത്തിനുള്ള സൗകര്യങ്ങളും ഉണ്ടാകും.

‘അതേസമയം, ഇന്ത്യൻ നാവികസേനയിലെ അഗ്‌നിപഥ് പദ്ധതി സ്ത്രീ പുരുഷ ലിംഗ ഭേദമില്ലാത്തതായിരിക്കുമെന്ന് നാവിക സേന പ്രഖ്യാപിച്ചിട്ടുണ്ട്. വനിതകളായ നാവികരെ എല്ലാ ട്രേഡുകളിലും റിക്രൂട്ട് ചെയ്യാനും ഇന്ത്യന്‍ നേവി തീരുമാനിച്ചു,’ ഒരു നാവികസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.