വരന്റെ അസാന്നിധ്യത്തിൽ നടത്തിയ നിക്കാഹിന് നിയമസാധുതയില്ല; പട്ടാമ്പിയിലെ വിവാഹം നിയമപ്രശ്നത്തിൽ

single-img
4 July 2022

പാലക്കാട് പട്ടാമ്പിയിൽ വരന്റെ അസാന്നിധ്യത്തിൽ നടത്തിയ നിക്കാഹിന് നിയമസാധുതയില്ലെന്ന് മുഖ്യ ‍റജിസ്ട്രാർ ജനറൽ. ഇ‍‍സ്‌ലാമിക നിയമപ്രകാരമുള്ള വിവാഹം റജിസ്റ്റർ ചെയ്യാൻ വരന്റെ സാന്നിധ്യം അനിവാര്യമാണെന്ന നിയമോപദേശമാണു ‍റജിസ്ട്രേഷൻ വിഭാഗത്തിനു ലഭിച്ചത്. എങ്കിലും ഇതേക്കു‍റിച്ചു സർക്കാരിന്റെ ഉപദേശം തേടാനും വ്യക്തത വരുത്താനും മുഖ്യ ‍റജിസ്ട്രാർ ജനറൽ കൂടിയായ പഞ്ചായത്ത് ഡയറക്ടർ എച്ച്.ദിനേശൻ നിർദേശിച്ചു.

കഴിഞ്ഞ ഡിസംബർ 24 നാണു പട്ടാമ്പി സ്വദേശികൾ ആയ ടി.കെ.സ‍ലീൽ മുഹമ്മദും കെ.പി.ഫർസാന‍യും വിവാഹിതരായത്. എന്നാൽ വിദേശത്തായിരുന്ന സ‍ലീൽ മുഹമ്മദിനു വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. നിക്കാഹ് സ്വീകരിക്കാൻ പി‍തൃ സഹോദരനു വക്കാലത്ത് നൽകി. തുടർന്ന് മേയ് 16 ന് ഈ വിവാഹം ‍റജിസ്റ്റർ ചെയ്യാൻ പട്ടാമ്പി നഗരസഭയിൽ അപേക്ഷ നൽകി. എന്നാൽ വരൻ പങ്കെടുക്കാത്തതിനാൽ നിക്കാഹിന്റെ നിയമസാധുത തേടി പാലക്കാട് ഡപ്യൂട്ടി ഡയറക്ടർ മുഖ്യ റജിസ്ട്രാർ ജനറലിനു കത്തയച്ചത്.

ഇ‍സ്‍ലാമിക നിയമപ്രകാരമുള്ള വിവാഹത്തിനും വരന്റെ സാന്നിധ്യം അനിവാര്യമാണെന്നും അല്ലാത്ത‍വയ്ക്കു നിയമപ്രാബല്യം ഇല്ലാത്തതിനാൽ ‍റജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും നിയമോപദേശം കിട്ടിയതായി മുഖ്യ റജിസ്ട്രാർ ജനറൽ അറിയിച്ചു. സർക്കാരിന്റെ ഉപദേശം കൂടി തേടാനും തീരുമാനിച്ചു. തുടർന്ന് പട്ടാമ്പിയിലെ വിവാഹ വിഷയത്തിൽ തുടർനടപടികൾ തൽക്കാലത്തേക്കു നിർത്തിവച്ചു.