തേജസ്വിനി, ചൈത്രവാഹിനി പുഴകള്‍ കരകവിഞ്ഞു; കനത്ത മഴയിൽ കാസർകോട് ജില്ല; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

single-img
4 July 2022

കാസര്‍കോട് ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകള്‍ കരകവിഞ്ഞൊഴുകി. പല സ്ഥലങ്ങളിലും പാലത്തിന് മുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. അടിയന്തിരമായി ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു.

ഇതോടൊപ്പം തന്നെ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആരംഭിച്ചു. ജില്ലയിലെ മലയോര മേഖലയില്‍ ഇപ്പോഴും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ചൈത്രവാഹിനി പുഴ കരകവിഞ്ഞതോടെ, വെള്ളരിക്കുണ്ട് താലൂക്കില്‍ പല പ്രദേശങ്ങളും വെള്ളത്തിനിടയിലായി.

തൃശൂര്‍ ജില്ലയിലും ഇപ്പോൾ ശക്തമായ മഴയാണ് ലഭിക്കുന്നത്. പെരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ട് സ്യൂയിസ് വാല്‍വുകള്‍ തുറന്ന് 400 ക്യുമെക്സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി. പൊരിങ്ങല്‍കുത്ത് ഡാമിലെ സ്യൂയിസ് വാല്‍വുകള്‍ തുറന്നാല്‍ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ കുളിക്കുന്നതും ഇറങ്ങുന്നതും വസ്ത്രങ്ങള്‍ കഴുകുന്നതും ഒഴിവാക്കണമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.