സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; കാസർകോടുൾപ്പടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

single-img
4 July 2022

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ടാണ്. നാളെ ആറും മറ്റന്നാൾ ഒൻപതും ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.

തെക്കൻ ജാർഖണ്ഡി‍നു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാ‍തച്ചുഴി നിലനിൽക്കുന്നതിനാൽ അടുത്ത 24 മണിക്കൂറിനകം ഇതു ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി അറബിക്കടലിൽ പടിഞ്ഞാറൻ / തെക്കൻ കാറ്റ് ശക്തമാകുന്നതി‍നാലാണു മഴ കനക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ഇന്ന് വടക്കൻ കേരളത്തിലാകും കനത്ത മഴ ലഭിക്കുക. ഇടുക്കി,തൃശൂ‌ർ, മലപ്പുറം, കോഴിക്കോട്, കണ്ണൂ‌ർ, കാസ‌ർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകൾക്കൊപ്പം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലേക്കും മഴ വ്യാപിക്കുന്നതിനാൽ മറ്റന്നാൾ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ മഴക്കെടുതിയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇന്ന് ഏലപ്പാറയിൽ എസ്‌റ്റേറ്റ് ലയത്തിലെ മണ്ണിടിച്ചിൽ എസ്‌റ്റേറ്റ് തൊഴിലാളി മരിച്ചു. കോഴിക്കാനം എസ്‌റ്റേറ്റിലെ തൊഴിലാളി പുഷ്‌പയാണ് മരിച്ചത്. വിവിധ ജില്ലകളിൽ വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്.