പിണറായി വിജയനെ നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കര്‍: പി സി ജോർജ്

single-img
3 July 2022
PC George about "Love Jihad"

പിണറായി വിജയനെ നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കറാണെന്നു പി.സി. ജോർജ്. ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെയാണ് പി സി ജോർജ് മുമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് റിയല്‍ എസ്റ്റേറ്റ് രാജാവായ ഫാരിസ് അബൂബക്കറാണ്. മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. ഇക്കാര്യങ്ങള്‍ താന്‍ പുറത്തുപറയുമെന്ന ഭീതിയിലാണ് തന്നെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തതെന്നും പിസി പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലും ഫാരിസ് അബൂബക്കര്‍ എന്ന റിയല്‍ എസ്റ്റേറ്റ് ഡോണ്‍ ആണ്. പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്‌ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 2012 മുതല്‍ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണെന്ന് പി സി ജോർജ് പറഞ്ഞു.

2020 മുതല്‍ ഇയാള്‍ യു.എസിലാണ്. ഇടയ്ക്കിടയ്ക്ക് പിണറായി വിജയന്‍ അമേരിക്കയില്‍ പോകുന്നത് അന്വേഷിക്കണം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ സ്വാശ്രയ കോളജുകള്‍ക്കെതിരെ ഇളക്കിവിട്ടിട്ട് സ്വന്തം മകളെ സ്വാശ്രയകോളജില്‍ അയച്ചാണ് പഠിപ്പിച്ചത്. പിന്നീട് ഓറക്കിള്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന വീണാവിജയന്‍ 2012ല്‍ രവിപിള്ളയുടെ കമ്പനിയുടെ സി.ഇ.ഒ ആയി. അത് എങ്ങനെയാണെന്ന് അന്വേഷിക്കണം

കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി വിജയന്‍. തുടക്കത്തില്‍ അദാനിയെ എതിര്‍ത്ത പിണറായി വിജയന്‍ ഇപ്പോള്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം അവര്‍ക്ക് കൈമാറിയതിലും പിണറായി വിജയന് എന്ത് കിട്ടിയെന്ന് അന്വേഷിക്കണം. താന്‍ ആര്‍ക്കെതിരെയും ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. എന്നാല്‍ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് തന്റേത്. അഴിമതികാരനായ മുഖ്യമന്ത്രിയെ താഴെയിറക്കാനുളള പോരാട്ടമാണ്. അതിനെ ഗൂഢാലോചനയാണെന്ന് പറഞ്ഞാല്‍ അത് നടത്തി. അഴിമതികണ്ടാല്‍ താന്‍ എതിര്‍ക്കും. അത് പഠിച്ചത് വി.എസില്‍ നിന്നാണ്. അദ്ദേഹത്തിന്റെ മകനെപോലെയാണ് താന്‍. ഇപ്പോള്‍ അദ്ദേഹം വീണുപോയതുകൊണ്ടാണ്. ഇല്ലെങ്കില്‍ കര്‍ശനമായി പ്രതികരിച്ചേനേ. പിണറായിവിജയനെതിരായ ഈ പരാതി എല്ലായിടത്തും എത്തിച്ച് നടപടി സ്വീകരിക്കും. ഇനിമുതല്‍ അതിനുള്ള പോരാട്ടത്തിനായി ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു