എല്ലാ സര്‍ക്കാര്‍ നടപടികള്‍ക്കും ജുഡീഷ്യല്‍ അംഗീകാരത്തിന് അര്‍ഹതയുണ്ടെന്ന് അധികാരത്തിലുള്ള പാര്‍ട്ടി വിശ്വസിക്കുന്നു; വിമർശനവുമായി ചീഫ് ജസ്റ്റിസ്

single-img
3 July 2022

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ. ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യ സ്ഥാപനങ്ങളെയും കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യക്തമായ ധാരണയില്ലാത്തതാണ് രാഷ്ട്രീയ പാര്‍ട്ടികളില്‍ വികലമായ ചിന്ത വളരാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്തെ ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തെ പ്രശംസിച്ച അദ്ദേഹം, നിയമം, ബിസിനസ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കായി ഇന്ത്യയില്‍ നല്ല സ്ഥാപനങ്ങളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ – അമേരിക്കന്‍ അസോസിയേഷന്‍ യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

‘നമ്മള്‍ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്നു, നമ്മുടെ രാജ്യത്തിന്റെ റിപ്പബ്ലിക്കിന് 72 വയസ്സും തികയുന്നു. എന്നാല്‍ പക്ഷേ ഇപ്പോഴും കുറ്റബോധത്തോടെ ഞാനൊരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഓരോ സ്ഥാപനങ്ങള്‍ക്കും ഭരണഘടന നല്‍കുന്ന സ്ഥാനവും ഉത്തരവാദിത്തങ്ങളും വിലമതിക്കാന്‍ നാം പഠിച്ചിട്ടില്ല.

ഇവിടെ എല്ലാ സര്‍ക്കാര്‍ നടപടികള്‍ക്കും ജുഡീഷ്യല്‍ അംഗീകാരത്തിന് അര്‍ഹതയുണ്ടെന്ന് അധികാരത്തിലുള്ള പാര്‍ട്ടി വിശ്വസിക്കുന്നു. എന്നാൽ ജുഡീഷ്യറി തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും പ്രതീക്ഷിക്കുന്നു. ഭരണഘടനയെക്കുറിച്ചും ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ ശരിയായ ധാരണയില്ലാത്ത സാഹചര്യത്തിലാണ് ഇത്തരം വികലമായ ചിന്തകള്‍ തഴച്ചുവളരുന്നത്.

സാധാരണക്കാരായ പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായി പ്രചരിപ്പിച്ച അജ്ഞതയാണ് ഇതിന് പ്രധാന കാരണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിട്ടുള്ള അടിത്തറ ഒരിക്കലും തകര്‍ക്കരുത്. ലോകമെമ്പാടും സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് നയങ്ങള്‍ മാറും. എന്നാല്‍ വിവേകവും പക്വതയും ദേശസ്‌നേഹവും ഉള്ള ഒരു ഗവണ്‍മെന്റും രാജ്യത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന തരത്തില്‍ തങ്ങളുടെ നയങ്ങള്‍ മാറ്റില്ല.

അതേസമയം, നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ അത്തരമൊരു സര്‍ക്കാര്‍ മാറ്റമുണ്ടാകുമ്പോള്‍ ഈ പക്വതയും വിവേകവും കാണാന്‍ കഴിയാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നഗരങ്ങളിലെ വിദ്യാസമ്പന്നരായവരിലെ വളരെ കുറഞ്ഞ ജനസംഖ്യ മാത്രമാണ് വോട്ടുചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടനയ്ക്ക് കീഴില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഭരണാധികാരികളുടെ മേല്‍ വിധി പറയാനുള്ള ദൗത്യം ജനങ്ങളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. നഗരങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമീണ വോട്ടര്‍മാര്‍ ഈ ദൗത്യം നിര്‍വഹിക്കുന്നതില്‍ കൂടുതല്‍ സജീവമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.