എകെജി സെന്റർ ആക്രമണം: പ്രതി കോണ്‍ഗ്രസുകാരെന്ന് ആരോപിച്ച സിപിഎമ്മുകാര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല: ഉമ്മന്‍ചാണ്ടി

single-img
3 July 2022

തിരുവനന്തപുരം: തലസ്ഥാനത്ത് അതീവസുരക്ഷാമേഖലയിലുള്ള എകെജി സെന്ററില്‍ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആക്രമണം നടന്ന ഉടനേ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് ആരോപിച്ച സിപിഎമ്മുകാര്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല എന്നും ഉമ്മൻ ചാണ്ടി പരിഹസിച്ചു. കോണ്‍ഗ്രസിനും യുഡിഎഫിനും നേരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘര്‍ഷം സൃഷ്ടിച്ച് അഗാധമായ പ്രതിസന്ധിയില്‍പ്പെട്ട സര്‍ക്കാരിനെ സംരക്ഷിക്കാനാണ് സിപിഎമ്മും പോലീസും ശ്രമിച്ചതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

അതെ സമയം എകെജി സെന്ററില്‍ സ്ഫോടകവസ്തു എറിഞ്ഞിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ല എന്നുമാത്രമല്ല പൊലീസിനു സര്‍വത്ര ആശയക്കുഴപ്പമാണെന്നും റിപ്പോർട്ട്. രണ്ട് പ്രതികളുണ്ടെന്ന ആദ്യ നിഗമനത്തില്‍നിന്ന് പൊലീസ് പിന്നോട്ടു അതിൽ നിന്നും പോയി. രണ്ടാം പ്രതിയായി കണ്ടെത്തിയ സ്കൂട്ടര്‍ യാത്രക്കാരന് ആക്രമത്തില്‍ പങ്കില്ലെന്നു സ്ഥിരീകരിച്ചു. ഇയ്യാൾ തിരുവനന്തപുരം നഗരത്തിൽ തട്ടുകട നടത്തുന്ന യുവാവാണെന്നും ഇയാളെ അനൗദ്യോഗികമായി ചോദ്യം ചെയ്തപ്പോൾ കൃത്യത്തിൽ പങ്കില്ലെന്നു വ്യക്തമാവുകയുമായിരുന്നു. ഇതോടെ എകെജി സെന്‍ററിലേക്ക് കല്ലെറിയുമെന്ന് ഫെയ്സ്ബുക് പോസ്റ്റിട്ട ഒറ്റ പ്രതിയിലേക്ക് വീണ്ടും അന്വേഷണം ചുരുങ്ങി.

സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നാണ് ഇതുവരെ പൊലീസ് പറഞ്ഞിരുന്നത്. ആ വഴിയാണ് ഇപ്പോള്‍ അടഞ്ഞിരിക്കുന്നത്. അന്വേഷണം തുടങ്ങി മൂന്നു രാത്രിയും രണ്ടു പകലും പിന്നിടുമ്പോഴും ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.