വൈകുന്നേരങ്ങൾ രസകരമാക്കാൻ ചൂടു ചായയ്‌ക്കൊപ്പം മുട്ട പഫ്‌സ്

single-img
3 July 2022

വൈകുന്നേരങ്ങളിൽ ചൂടു ചായയ്‌ക്കൊപ്പം ഒരു മുട്ട പഫ്‌സ് മികച്ച കോമ്പിനേഷനാണ്. ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിയാൽ നിങ്ങൾക്ക് ബേക്കറിയിൽ പോയി പൈസ മുടക്കുന്നത് ഒഴിവാക്കാനും സാധിക്കും.

ഇതാ, ഇതിനാവശ്യമായ ചേരുവകൾ:

മുട്ട -2, സവാള -1, പഫ് പേസ്ട്രി ഷീറ്റ്സ്, ജിഞ്ചര്‍/ഗാര്‍ലിക് പേസ്റ്റ് -1/2 ടീസ്പൂണ്‍, എഗ്ഗ് മസാല -1/2 ടീസ്പൂണ്‍, കുരുമുളക് പൊടി -1/4 ടീസ്പൂണ്‍, ഗരം മസാല -1/4 ടീസ്പൂണ്‍, ഉപ്പ്, എണ്ണ -പാകത്തിന്

എങ്ങിനെ തയ്യാറാക്കാം:

പഫ്സ് പേസ്ട്രി ഷീറ്റ് അര മണിക്കൂര്‍ മുന്‍പ് ഫ്രിഡ്ജില്‍ നിന്നെടുത്ത് പുറത്ത് വയ്ക്കുക. എടുത്തിട്ടുള്ള മുട്ട പുഴുങ്ങി ഓരോന്നും നീളത്തില്‍ മുറിയ്ക്കുക. അതിനു ശേഷം ഒരു പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് അതിലേയ്ക്ക് സവാളയോടൊപ്പം ഉപ്പും ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറമാകുന്നത് വരെ വഴറ്റുക.

ഇതിനിടയിൽ തന്നെ ജിഞ്ചര്‍/ഗാര്‍ലിക് പേസ്റ്റ് ചേര്‍ത്ത് വീണ്ടും വഴറ്റുക. കുറച്ചു സമയം കഴിയുമ്പോൾ എഗ്ഗ് മസാല, ഗരം മസാലപ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കി വാങ്ങുക. മസാലക്കൂട്ടില്‍ ചെറുതായി പുഴുങ്ങി അരിഞ്ഞ കാരറ്റ്, ബീന്‍സ്, ഗ്രീന്‍ പീസ് എന്നിവയും ചേര്‍ക്കാവുന്നതാണ്. പഫ്സ് പേസ്ട്രി ഷീറ്റ് ഒരോന്നും ചതുരത്തില്‍ മുറിച്ച് അതിനുള്ളില്‍ തണുത്ത മസാല വച്ചശേഷം മുറിച്ച മുട്ട അതിനുമുകളില്‍ വച്ച് മടക്കുക.

മനോഹരമായ രീതിയിൽ പഫ്സിന് കൂടുതല്‍ നിറം കിട്ടുന്നതിനായി വേണമെങ്കില്‍ ഒരു മുട്ടയുടെ മഞ്ഞ അടിച്ച് തയാറാക്കി വച്ച പഫ്സിന്റെ മുകളില്‍ ബ്രഷ് ചെയ്യാവുന്നതാണ്. ഈ രീതിയിൽ തയാറാക്കി വച്ച പഫ്സ് പ്രീഹീറ്റ് ചെയ്ത ഓവനില്‍ 180- 200 ഡിഗ്രിയില്‍ 10 മുതല്‍ 20 മിനിട്ട് വരെ ബേക്ക് ചെയ്തെടുത്താല്‍ എഗ്ഗ് പഫ്സ് റെഡി.