ഏക്‌നാഥ് ഷിൻഡെയെ ശിവസേന പുറത്താക്കി; ശിവസേനയുടെ ഔദ്യോഗിക ചിഹ്നവും പേരും സ്വന്തമാക്കാൻ നീക്കവുമായി ഷിൻഡെ

single-img
2 July 2022

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ ശിവസേന പുറത്താക്കി. പാർട്ടി അധ്യക്ഷൻ ഉദ്ദവ് താക്കറെയാണ് ഷിൻഡെയ്‌ക്കെതിരെ നടപടി സ്വീകരിച്ചതായി മാധ്യമങ്ങളെ അറിയിച്ചത്.

അതേസമയം, മഹാരാഷ്ട്രയിൽ താത്ക്കാലികമായി ഭരണപ്രതിസന്ധി അവസാനിച്ചതോടെ ശിവസേനയിൽ പാർട്ടിയുമായി ബന്ധപ്പെട്ട അവകാശത്തർക്കം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ശിവസേനയുടെ ഔദ്യോഗിക ചിഹ്നവും പേരും ഏത് വിധത്തിലും സ്വന്തമാക്കാനുള്ള അവകാശവാദവുമായി ഷിൻഡെയുടെ നേതൃത്വത്തിൽ വിമത ശിവസേനാ സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്.

വരുന്ന ചൊവ്വാഴ്ച ഷിൻഡെ സർക്കാർ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെയാണ് സേനയുടെ നടപടി. ബിജെപി പിന്തുണയുള്ള മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം, സ്പീക്കർ തെരഞ്ഞെടുപ്പ് തുടങ്ങിയ ഘട്ടങ്ങളിലേക്ക് മന്ത്രിസഭ കടക്കാനിരിക്കെയാണ് ഉദ്ദവ് താക്കറെ പാർട്ടി അധ്യക്ഷന്റെ അധികാരം ഉപയോഗിച്ച് ഷിൻഡെയെ പുറത്താക്കിയിരിക്കുന്നത്.