പ്ലാസ്റ്റിക് നിരോധനം: ലംഘിച്ചാൽ പണി കിട്ടും

single-img
2 July 2022

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കുള്ള നിരോധനം നിലവിൽ വന്നു. ഇത് നടപ്പാക്കാനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണം ബോർഡിനും ആയിരിക്കും.

നിരോധനം ലംഘിക്കുന്നവർക്ക് 10,000 മുതൽ 50,000 രൂപ വരെ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും. നിരോധിച്ച പ്ലാസ്റ്റിക് പിടിച്ചെടുത്താൽ സ്ഥാപനത്തിന് നോട്ടീസ് നൽകും അടുത്തഘട്ടത്തിലാകും പിഴ ഉണ്ടാകുക.

ദേശീയ തലത്തിൽ കേന്ദ്ര സർക്കാർ ഈ ജൂലൈ മുതലാണ് ഒറ്റത്തവണ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ നിരോധനം നടപ്പിലാക്കുന്നതെങ്കിലും, സംസ്ഥാനത്ത് 2020 ജനുവരി ഒന്ന് മുതൽ നിരോധനം നടപ്പിലാക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പടെ 15 വിഭാഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗമാണ് രണ്ടര വർഷം മുമ്പ് കേരളം നിരോധിച്ചത്.

കേന്ദ്ര മലീകരണ നിയന്ത്രണ ബോർഡ് 75 മൈക്രോണിന് മുകളിലുള്ള ക്യാരി ബാഗുകൾ 2022 ഡിസംബർ വരെ ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് 2020 ലെ ഉത്തരവിൽ വ്യക്തമാക്കിയതനുസരിച്ച് എല്ലാത്തരം ക്യാരി ബാഗുകൾക്കുള്ള നിരോധനം ബാധകമായിരിക്കും.

സംസ്ഥാനത്ത് 2000 ജനുവരി മുതൽ നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ:

1)പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ, 2) നോൺ വുവൺ ബാഗുകൾ (നൂറ് ശതമാനം പോളിപ്രൊപൊലിൻ ആയവ ആയതിനാൽ പുനരുപയോഗത്തിന് സാധിക്കില്ല), 3) പ്ലാസ്റ്റിക് കൊടികൾ, 4)പ്ലാസ്റ്റിക് ബണ്ടിങ്ങ്, 5) 500 എം എല്ലിന് താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകൾ, 6)എല്ലാ കനത്തിലുമുള്ള ക്യാരി ബാഗുകൾ, 7) പ്ലാസ്റ്റിക്ക് കോട്ടിങ്ങ് ഉള്ള പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, പേപ്പർ ബൗളുകൾ, പേപ്പർ ബാഗുകൾ, 8)പ്ലാസ്റ്റിക്/ പ്ലാസ്റ്റിക് കോട്ടിങ്ങുള്ള ഇല കൊണ്ടുള്ള പ്ലേറ്റുകൾ, 9)വഴിയോരങ്ങളിലും കടകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പായ്ക്കറ്റുകൾ, 10) പ്ലാസ്റ്റിക്ക് തൈ ബാഗുകൾ, 11)പ്ലാസ്റ്റിക്ക് ഷീറ്റുകൾ (മേശവിരി- ആഘോഷവുമായി ബന്ധപെട്ട ചടങ്ങുകളിൽ മേശകളിൽ വിരിക്കുന്ന പേപ്പർ പോലെ വിലകുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ്), 12) പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റുകൾ, 13) തെർമോക്കോൾ, സ്ലൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ, 14) പി വി സി ഫ്ലക്സ് മെറ്റീരിയലുകൾ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണികൾ, 15) ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂൺ, ഫോർക്കുകൾ, സ്ട്രോകൾ, ഡിപ്പുകൾ, സ്റ്റിറർ.

കേരളത്തിൽ നിരോധിച്ചതിന് പുറമെ കേന്ദ്രം നിരോധിച്ചവ:

1) മിഠായി കോലുകൾ, 2) ഇയർബഡുകൾ, 3)ഐസ്ക്രീം സ്റ്റിക്കുകൾ, 4) ബലൂണിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പിടികൾ, 5) മധുരങ്ങൾ പൊതിയുന്ന പ്ലാസ്റ്റിക് 6) ക്ഷണക്കത്ത്, സിഗരറ്റ് എന്നിവപൊതിയുന്ന പ്ലാസ്റ്റിക്.