എകെജി സെന്റർ ആക്രമണം: 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ കഴിയാതെ പോലീസ്

single-img
2 July 2022

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ എകെജി സെന്റർ നേരെ ബോംബെറിഞ്ഞ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മീഷണറിന്റെ നേതൃത്വത്തിലുള്ള 14 അംഗ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൂടാതെ ക്രമസമാധാനം ചുമതലയുള്ള വിജയ് സാഖറെ നേരിട്ട് മേൽനോട്ടം വഹിക്കും.

പ്രധാന റോഡിൽ നിന്നും കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന വഴിയിലുള്ള എകെജി സെന്റർ ഗേറ്റിന്റെ കോൺക്രീറ്റ് മേലാണ് ബോംബ് വീണ് പൊട്ടിയത്. ഈ ഗേറ്റിൽ വെച്ചിരുന്ന സിസിടിവി ഉൾപ്പെടെ പ്രദേശത്തെ മുപ്പതിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നിലും പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നില്ല.

അടുത്ത ജംഗ്ഷനിൽ നിന്നും ലോ കോളേജിലേക്ക് പോകുന്ന റോഡിലെ ക്യാമറകളിലും പ്രതി കടന്നു പോകുന്ന ദൃശ്യങ്ങളുണ്ട്. സ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ ധാരണയുള്ള ആളാണ് ബോംബക്രമത്തിൽ പിന്നിൽ എന്നാണ് പോലീസ് കരുതുന്നത്.

ലഭ്യമായ സിസിടിവി ദൃശ്യം അനുസരിച്ച് പ്രതി ആദ്യം ബൈക്കിൽ സ്ഥലം നിരീക്ഷിച്ചു മടങ്ങി പോകുന്നത് കാണാം. പിന്നീട് തിരിച്ചുവന്നാണ് ബോംബ് എറിയുന്നത്. എറിഞ്ഞ രീതിയിൽ നോക്കുമ്പോൾ ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച ആളാണെന്ന് സംശയം പോലീസിനുണ്ട്

എകെജി സെന്റർ സുരക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 7 പോലീസുകാർ പ്രധാന ഗേറ്റിലായിരുന്നു. 25 മീറ്റർ അപ്പുറത്ത് സ്ഫോടനം ഉണ്ടായിട്ടും ഈ പോലീസ് സംഘം പ്രതിയെ പിന്തുടർന്നില്ല. ഈ പോലീസുകാർ ശ്രമിച്ചിരുന്നു എങ്കിൽ പ്രതിയെക്കുറിച്ച് എന്തെങ്കിലും തുമ്പ് ലഭിക്കുമായിരുന്നു എന്നാണ് അന്വേഷണസംഘടന വിലയിരുത്തൽ