എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് തന്നെ; നിലപാട് ആവർത്തിച്ചു ഇ പി ജയരാജൻ

single-img
2 July 2022

കോൺഗ്രസ് തന്നെയാണ് എകെജി സെന്റർ ആക്രമണത്തിന് പിന്നിലെന്ന നിലപാടിൽ നിന്ന് സി പി എം പിന്നോട്ട് പോയിട്ടില്ലെന്നു എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജൻ.

ഞങ്ങളുടെ നിലപാടുകളിൽ നിന്നും ഒന്നും ഇതുവരെയും പിന്നോട്ട് പോയിട്ടില്ല. കോൺഗ്രസിന്റെ നേതാക്കൾ മാധ്യമങ്ങളുമായി നടത്തിയിട്ടുള്ള അഭിമുഖത്തിൽ എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തെ അധിക്ഷേപിച്ചിട്ടുള്ളതാണ്. ഒരു നേതാവ് പോലും ഈ സംഭവത്തെ തള്ളി പറഞ്ഞിട്ടില്ല.

അവർ അതിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. പ്രത്യേകിച്ച് കെ പി സി സി അധ്യക്ഷൻ സുധാകരൻ പ്രസ്താവന പരിശോധിച്ചാൽ ഇത് കാണാം. ഈ സംഭവത്തിൽ ഉള്ള ബന്ധമാണ് ഈ പ്രസ്താവനകളിൽ എല്ലാം ഉയർന്നു നിൽക്കുന്നത്. എന്തുകൊണ്ട് നേരെ നടന്ന ആക്രമണത്തെ അപലപിക്കാൻ ഒരു കോൺഗ്രസ് നേതാവും മുന്നോട്ടുവന്നില്ല എന്നും ഇ പി ജയരാജൻ ചോദിച്ചു.

അതെ സമയം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ എകെജി സെന്റർ നേരെ ബോംബെറിഞ്ഞ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മീഷണറിന്റെ നേതൃത്വത്തിലുള്ള 14 അംഗ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൂടാതെ ക്രമസമാധാനം ചുമതലയുള്ള വിജയ് സാഖറെ നേരിട്ട് മേൽനോട്ടം വഹിക്കും.