കേന്ദ്രസർക്കാർ 14 രൂപ വർദ്ധിപ്പിച്ചു; ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപ

single-img
2 July 2022

കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയുടെ വില 14 രൂപ വർദ്ധിപ്പിച്ചു. ഇതോടെ രാജ്യത്തെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി. എന്നാൽ കേരളത്തിൽ ഇപ്പോഴുള്ള സ്റ്റോക്ക് തീരും വരെ 84 രൂപയ്ക്ക് മണ്ണെണ്ണ വിൽക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഈ വർഷം മെയ് മാസം ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. പിന്നീട് ജൂണ്‍ മാസത്തില്‍ 4 രൂപ വര്‍ദ്ധിച്ച് ഇത് 88 രൂപയായി.

കേന്ദ്രം നൽകിയ ശേഷം മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കേരളത്തിലേക്കുള്ള കടത്തുകൂലി, ഡീലേഴ്സ് കമ്മിഷന്‍, സി.ജി.എസ്.റ്റി., എസ്.ജി.എസ്.റ്റി. എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ 4 രൂപ വര്‍ദ്ധിപ്പിച്ച് 88 രൂപയാക്കിയെങ്കിലും കേരളത്തിൽ സർക്കാർ വില വര്‍ദ്ധിപ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പോഴും 84 രൂപയ്ക്കാണ് റേഷൻകടകളിലൂടെ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്തുവരുന്നത്. ഈ സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് തന്നെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനാവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ വകുപ്പ് കമ്മിഷണര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.