ആളില്ലാ യുദ്ധവിമാനം പറത്തൽ വിജയകരം; ഡി ആര്‍.ഡി.ഒ.

single-img
1 July 2022

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഇന്ത്യൻ നിർമ്മിത ആളില്ലാ യുദ്ധവിമാനം വിജയകരമായി പറത്തി. ഓട്ടോണമസ് ഫ്ലൈയിംഗ് വിംഗ് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെള്ളിയാഴ്ച കർണാടകയിലെ ചിത്രദുർഗയിലെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ ആദ്യമായി പറന്നുയർന്നു.

വിമാനത്തിന്റെ ടേക്ക് ഓഫ്, നാവിഗേഷൻ, ലാൻഡിംഗ് എന്നിവ സുഗമമായിരുന്നുവെന്ന് ഡിആർഡിഒ അറിയിച്ചു. ഭാവിയിൽ ആളില്ലാ വിമാനങ്ങളുടെ വികസനത്തിനായി നിർണായക സാങ്കേതികവിദ്യകളുടെ കഴിവ് തെളിയിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലും തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പുമാണ് ഇതെന്ന് ഡിആർഡിഒ പറഞ്ഞു.

ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ബെംഗളൂരു ആസ്ഥാനമായുള്ള ഗവേഷണ ലബോറട്ടറിയായ എയറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്(എ.ഡി.ഇ) ആണ് ആളില്ലാ യുദ്ധവിമാനങ്ങൾ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. വിമാനത്തിന്റെ എയർ ഫ്രെയിം, അണ്ടർ-ക്യാരേജ്, ഫ്ലൈറ്റ് കൺട്രോളുകൾ, ഏവിയോണിക് സിസ്റ്റം എന്നിവയെല്ലാം തദ്ദേശീയമായി രൂപകൽപ്പന ചെയ്തതാണ്.