എകെജി സെന്റർ ആക്രമണത്തിന്റെ തിരക്കഥ ഇ പി ജയരാജൻ്റേത്; ആക്രമിച്ചത് സിപിഎമ്മിൻ്റെ ഗുണ്ടകൾ: കെ സുധാകരൻ
സിപിഎമ്മിന്റെ സംസ്ഥാനത്തെ ആസ്ഥാനമായ എകെജി സെൻ്ററിനുനേരെ ഇന്നലെ നടന്ന ആക്രമണം ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ നടത്തിയ നാടകമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഈ അക്രമത്തിൻ്റെ തിരക്കഥ ഇ പി ജയരാജൻ്റേതാണ്. ബോംബെറിഞ്ഞത് കോൺഗ്രസുകാരാണെന്ന് ഇ പി ജയരാജനാണ് പ്രഖ്യാപിച്ചത്.
തനിക്ക് പരിചയമുള്ള കോൺഗ്രസുകാരെ കണ്ടതുപോലെയാണ് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്. എകെജി സെൻ്ററുമായി പരിചയമുള്ളയാളാണ് അക്രമം നടത്തിയതെന്നും കെ സുധാകരൻ ആരോപിച്ചു. വയനാട്ടിലെ എംപി ഓഫീസ് ആക്രമണത്തിനു ശേഷം രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്ന സമയത്ത് ഇത്തരത്തിലൊരു അക്രമം കോൺഗ്രസിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നു കരുതുന്നവർ മണ്ടന്മാരാണ്.
എകെജി സെൻ്ററിനു നേർക്ക് നടന്ന അക്രമത്തിൻ്റെ തിരക്കഥ ഇ പി ജയരാജൻ്റേതാണ്. അദ്ദേഹം വ്യക്തിപരമായി നടത്തിയ നാടകമാണ് എകെജി സെൻ്റർ ആക്രമണം. സിപിഎമ്മിൻ്റെ ഗുണ്ടകളെ വെച്ചാണ് അക്രമം നടത്തിയത്. ഈ ആക്രമണം കോൺഗ്രസിൻ്റെ പുറത്തുകെട്ടിവെക്കാനും രാഹുൽ ഗാന്ധിയുടെ വരവിൻ്റെ പ്രതിച്ഛായ തകർക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.