ബഫര്‍സോണ്‍ വിഷയത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു രാഹുൽ ഗാന്ധി

single-img
1 July 2022

ബഫര്‍സോണ്‍ വിഷയത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു വയനാട് എം പി രാഹുൽ ഗാന്ധി. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് ഒരുമാസമായിട്ടും ഇതുവരെ ഒരു മറുപടി പോലും തന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ബഫർസോൺ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ യുഡിഎഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനാഭിലാഷമനുസരിച്ച് മുഖ്യന്ത്രി ഇടപെടണം. ഇല്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കും. ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉണ്ടാക്കാൻ പാടില്ലെന്നാണ് യുഡിഎഫ് നിലപാട്. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത് എൽഡിഎഫും മുഖ്യമന്ത്രിയും അവസാനിപ്പിക്കണം. എന്റെ ഓഫിസ് തകർത്തതുകൊണ്ടൊന്നും കാര്യമില്ല. പന്ത് ഇപ്പോൾ മുഖ്യമന്ത്രിയുടെ കോർട്ടിലാണ്. കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തരിക്കുന്നത്- രാഹുൽ പറഞ്ഞു.

എൽഡിഎഫ് സർക്കാർ ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാൽ കോൺഗ്രസ് ശക്തമായി ചെറുക്കുമെന്നും, . യുഡിഎഫും കോൺഗ്രസും മാത്രമല്ലാ വയനാട്ടിലെ ജനങ്ങളാകെ ഈ നിലപാടിലാണെന്നു മുഖ്യമന്ത്രി മനസിലാക്കണം എന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടുകാരെ അക്രമത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ പിന്മാറ്റാൻ കഴിയില്ല. കർഷകനിയമങ്ങൾ മോദിയെക്കൊണ്ട് പിൻവലിപ്പിച്ചതു പോലെ ബഫർ സോൺ പ്രഖ്യാപനവും പിൻവലിപ്പിക്കുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.