നൂപുർ ശർമ രാജ്യത്തിനോട് മാപ്പ് പറയണം: സുപ്രീം കോടതി

single-img
1 July 2022

പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദമായ പരാമർശം ഗൾഫ് രാജ്യങ്ങളിൽ വൻ രോഷത്തിനും രാജ്യത്ത് പ്രതിഷേധത്തിനും ഇടയാക്കിയ കാരണത്താൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ്മ രാജ്യത്തിനോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി . നൂപുർ നടത്തിയ പരാമർശങ്ങൾ ശാഠ്യവും അഹങ്കാരവും കാണിക്കുന്നുവെന്ന് കോടതി പറഞ്ഞു.

തനിക്കെതിരെയുള്ള എല്ലാ എഫ്‌ഐആറുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന നൂപുർ ശർമയുടെ ഹർജിയോട് പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി. അതേസമയം, നൂപുർ ഭീഷണി നേരിടുന്നുണ്ടെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു.

എന്നാൽ, ” നൂപുർ ഭീഷണി നേരിടുന്നോ അല്ലെങ്കിൽ അവർ സുരക്ഷാ ഭീഷണിയായി മാറിയോ? അവർ രാജ്യത്തുടനീളം വികാരങ്ങൾ ആളിക്കത്തിച്ച രീതി നോക്കിയാൽ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് ഈ സ്ത്രീ ഒറ്റയ്ക്ക് ഉത്തരവാദിയാണ്,” ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

“അവർ രാജ്യത്തെ ഒരു പാർട്ടിയുടെ വക്താവാണെങ്കിൽ എന്തും ചെയ്യാമെന്നാണോ. അങ്ങിനെ ചെയ്യാൻ തനിക്ക് അധികാരമുണ്ടെന്ന് അവർ കരുതുന്നു. ഈ രാജ്യത്തെ നിയമത്തെ മാനിക്കാതെ ഏത് പ്രസ്താവനയും നടത്താനാകും എന്നാണ് അവർ കരുതുന്നത്” – ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇതിന് ഒരു ടിവി ചർച്ചയ്ക്കിടെ അവതാരകന്റെ ചോദ്യത്തിന് മാത്രമാണ് താൻ പ്രതികരിച്ചതെന്ന് അവരുടെ അഭിഭാഷകൻ മറുപടി നൽകി.