എകെജി സെന്റർ അക്രമണം അങ്ങേയറ്റം അപലപനീയം: ടി സിദ്ദീഖ്

single-img
1 July 2022

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമണം അങ്ങേയറ്റം അപലപനീയമാണു. കുറ്റക്കാരേയും ആസൂത്രകരേയും എത്രയും പെട്ടെന്ന് പിടിക്കുകയും തക്കതായ ശിക്ഷ വാങ്ങി നല്‍കുകയും വേണമെന്ന് കോൺഗ്രസ് എംഎൽഎ ടി സിദ്ദീഖ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ അക്രമിച്ചിട്ട് പോലും കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ച് വിടുകയോ സിപിഎം ഓഫീസുകള്‍ തകര്‍ക്കുകയോ ചെയ്യാതിരുന്നത് കോണ്‍ഗ്രസിന്റെ നിലപാട് അക്രമം അല്ലാത്തത് കൊണ്ട് തന്നെയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ എഴുതി.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുമ്പോള്‍ കേരളം മാത്രമല്ല; ഇന്ത്യ ഒന്നാകെ അദ്ദേഹത്തെ ഉറ്റ് നോക്കുമ്പോള്‍ ഇങ്ങനെയൊരു അബദ്ധം ചെയ്യാന്‍ മാത്രം വിഡ്ഡികളല്ല കോണ്‍ഗ്രസുകാര്‍. ഇന്നലെ രാത്രി എകെജി സെന്ററില്‍ പടക്കം പൊട്ടിയാല്‍ രാഷ്ട്രീയമായി ആര്‍ക്കാണു നേട്ടം എന്ന് മിന്നല്‍ ഷിബുമാരുടെ പ്രതികരണത്തില്‍ നിന്ന് ബോധ്യമാകുന്നുണ്ടെന്നും സിദ്ധീഖ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമണം അങ്ങേയറ്റം അപലപനീയമാണു. കുറ്റക്കാരേയും ആസൂത്രകരേയും എത്രയും പെട്ടെന്ന് പിടിക്കുകയും തക്കതായ ശിക്ഷ വാങ്ങി നല്‍കുകയും വേണം. ആഭ്യന്തര വകുപ്പിന്റെ മൂക്കിനു താഴെ പോലീസ് കാവല്‍ നില്‍ക്കുന്ന എകെജി സെന്ററിനു പോലും സുരക്ഷയൊരുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്ന് ആളുകള്‍ അടക്കം പറയുമ്പോള്‍ പ്രതികളെ പിടിച്ച് സത്യം പുറത്ത് കൊണ്ട് വരാന്‍ സര്‍ക്കാറിനു കഴിയണം.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീയിട്ടത് പോലെയോ, ശ്രീ കോടിയേരി ബാലകൃഷ്ണന്റെ വീടിനും നേരെ നടന്ന അക്രമണത്തിന്റേത് പോലെയോ ആളെ കിട്ടാതെ പോകരുത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ അക്രമിച്ചിട്ട് പോലും കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ച് വിടുകയോ സിപിഎം ഓഫീസുകള്‍ തകര്‍ക്കുകയോ ചെയ്യാതിരുന്നത് കോണ്‍ഗ്രസിന്റെ നിലപാട് അക്രമം അല്ലാത്തത് കൊണ്ട് തന്നെയാണ്. ബോംബ് രാഷ്ട്രീയവും വടിവാള്‍ രാഷ്ട്രീയവും കേരളത്തില്‍ പയറ്റുന്നത് ആരാണെന്ന് നമുക്കറിയാവുന്നതാണു.

സംഘടിതമായി വന്ന് കെപിസിസി ഓഫീസ് അക്രമിച്ചപ്പോഴും ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ വീട് അക്രമിച്ചപ്പോഴും എകെജി സെന്റര്‍ അവിടെ തന്നെ ഉണ്ടായിരുന്നു. അതി വൈകാരികമായി മുദ്രാവാക്യം വിളിച്ച് നീങ്ങിക്കൊണ്ടിരുന്ന അണികളെ ഒരു കല്ലെടുത്തെറിയാന്‍ പോലും പാര്‍ട്ടി അനുവദിച്ചില്ല. ജനാധിപത്യത്തില്‍ അതിന്റെ ആവശ്യം ഇല്ല എന്ന് കോണ്‍ഗ്രസിനറിയാം.

ഇന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുമ്പോള്‍ കേരളം മാത്രമല്ല; ഇന്ത്യ ഒന്നാകെ അദ്ദേഹത്തെ ഉറ്റ് നോക്കുമ്പോള്‍ ഇങ്ങനെയൊരു അബദ്ധം ചെയ്യാന്‍ മാത്രം വിഡ്ഡികളല്ല കോണ്‍ഗ്രസുകാര്‍. ഇന്നലെ രാത്രി എകെജി സെന്ററില്‍ പടക്കം പൊട്ടിയാല്‍ രാഷ്ട്രീയമായി ആര്‍ക്കാണു നേട്ടം എന്ന് മിന്നല്‍ ഷിബുമാരുടെ പ്രതികരണത്തില്‍ നിന്ന് ബോധ്യമാകുന്നുണ്ട്. അത് കൊണ്ട് എത്രയും പെട്ടെന്ന് പ്രതിയെ പിടിച്ച് നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് മറ്റാരേക്കാളും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു.