മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റ് ഏക്‌നാഥ് ഷിന്ദേ

single-img
30 June 2022

വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായിയായും സത്യപ്രതിജ്ഞ ചെയ്തു.

വൈകിട്ട് 7.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവർണർ ഭഗവത് സിംഗ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കി മഹാരാഷ്ട്രയുടെ ഭരണം ബിജെപി തിരിച്ചു പിടിച്ചിരിക്കുകയാണ്.

അതെ സമയം ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രി ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ശരദ് പവാർ പ്രതികരിച്ചു. ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കാൾ കൂടുതൽ പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് ഞെട്ടിപ്പിക്കുന്നതാണെന്നും ശരദ് പവാ‍‍‍‍‍ർ പറഞ്ഞു. പുതിയ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും മഹാരാഷ്ട്രയുടെ താൽപ്പര്യങ്ങൾ അദ്ദേഹം സംരക്ഷിക്കപ്പെടുമെന്ന് താൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുവെന്നും ശരദ് പവാർ പറഞ്ഞു. ശിവസേനയിൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാഴ്ചത്തെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് അപ്രതീക്ഷിതമായി ഷിന്ദേയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. വിമത എം.എൽ.എമാർക്കൊപ്പം ഗോവയിലായിരുന്ന ഷിന്ദേ, ഫഡ്‌നാവിസിനൊപ്പം ഇന്ന് ഉച്ചയോടെ മുംബൈയിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഷിന്ദേ ഉപമുഖ്യമന്ത്രിയാകുമെന്നും പ്രതീക്ഷിച്ചിരുന്നു.