ദേവേന്ദ്ര ഫഡ്നാവിസ് നാളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും

single-img
30 June 2022

ഉദ്ധവ് താക്കറെയുടെ രാജിയുടെ പശ്ചാത്തലത്തിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് നാളെ ജൂലൈ ഒന്നിന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെയുമായി നടത്തിക്കഴിഞ്ഞു. ഷിൻഡെ ഉപമുഖ്യമന്ത്രിയായേക്കും.

ഗോവയിലുള്ള ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമതസംഘം ഇന്ന് രാവിലെ തന്നെ മുംബൈയിലെത്തും.

അതെ സമയം ഉദ്ധവിന്റെ രാജി ജനങ്ങളുടെ വിജയമാണെന്ന് ബി.ജെ.പി പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധിയെ ഉദ്ധവ് താക്കറെ അപമാനിച്ചുവെന്നും അതിനാലാണ് രാജിവെക്കേണ്ടി വന്നതെന്നും ബിജെപി നേതാവ് സയ്യിദ് ഷാനവാസ് ഹുസൈൻ പറഞ്ഞു. ജനവിധിയെ മാനിക്കുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് അവർ പഠിച്ചതിൽ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും മഹാരാഷ്ട്ര ബിജെപി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും മുംബൈയിലെ ഒരു ഹോട്ടലിൽ മധുരപലഹാരങ്ങൾ നൽകി സന്തോഷം പങ്കിട്ടു. വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപിച്ചത്.