വീണ്ടും രൂപ താഴേക്ക്; നേരിടുന്നത് റെക്കോർഡ് തകർച്ച


യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിടുന്നത് റെക്കോർഡ് തകർച്ച. ഇന്നലെ ഒറ്റ ദിവസം കൊണ്ട് വിലയിൽ 46 പൈസയുടെ നഷ്ടം നേരിട്ട രൂപ 78.83 നിലവാരത്തിലെത്തി.
ഈ വർഷം തന്നെ രൂപയുടെ മൂല്യത്തിൽ ഉണ്ടായിരിക്കുന്ന നഷ്ടം 5.8 ശതമാനമാണ്. ദിവസങ്ങൾക്കകം വില 80 രൂപ നിലവാരത്തിൽ എത്തിയേക്കുമെന്നാണ് വിദേശനാണ്യ വിനിമയ വിപണിയുമായി ബന്ധപ്പെട്ടവരുടെ അനുമാനം.
ഇന്റർ ബാങ്ക് ഫോറെക്സ് വിപണിയിൽ തിങ്കളാഴ്ച വ്യാപാരം അവസാനിച്ചത് 78.37 നിലവാരത്തിൽ ആയിരുന്നു. എന്നാൽ ഇന്നലെ വ്യാപാരം ആരംഭിച്ചത് തന്നെ 77.5 3 രൂപ നിലവാരത്തിലാണ്. ഇടിവ് തുടർന്നതോടെ ഒരു ഘട്ടത്തിൽ വില 78.87 നിലവാരത്തിലേക്ക് പോലും എത്തുകയുണ്ടായി.
അസംസ്കൃത എണ്ണയുടെ വിലയിലെ വർധനവ് മൂലം കുതിച്ചുയരുന്ന വ്യാപാരകമ്മി ആണ് രൂപയുടെ ബലക്ഷയത്തിന് പ്രധാന കാരണം വിദേശ ധനസ്ഥാപനങ്ങൾ ഓഹരി വിപണികളിൽ നിന്നും വലിയ തോതിലാണ് നിക്ഷേപം പിൻവലിക്കുന്നത്. ഇതും ഇന്ത്യൻ രൂപയെ ദുർബലപ്പെടുത്തുന്നു.
ഇക്കഴിഞ്ഞ ജനുവരി ഒന്നിന് വിനിമയ നിരക്ക് 74.5 1 നിലവാരത്തിൽ ആയിരുന്നു. ആറുമാസം പിന്നിടുമ്പോഴേക്കും 4.32 രൂപയുടെ മൂല്യശോഷണം ആണ് സംഭവിച്ചിരിക്കുന്നത്. ഓരോ 5% ഇടിവും പണപ്പെരുപ്പത്തിൽ വരുത്തുന്ന വർദ്ധന 0.20 ശതമാനമാണ്.
വിലയിടിവ് പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പൊതുമേഖലയിലെ ബാങ്കുകളിലൂടെ ഡോളർ വിപണനം നടത്തുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ഉണ്ടാകുന്നില്ല. ആർബിഐ 200 കോടി ഡോളർ വരെ വിറ്റഴിച്ച ദിവസങ്ങൾ ഉണ്ടെന്ന് വിദേശനാണ്യ വ്യാപാരികൾ പറയുന്നു.