കേരളത്തിലെ ആദ്യ ശിഖ് ഗുരുദ്വാര തിരുവനന്തപുരത്ത്; മന്ത്രിസഭായോഗ തീരുമാനങ്ങൾ അറിയാം

single-img
29 June 2022

കേരളത്തിൽ ആദ്യ സിക്ക് ഗുരുദ്വാര സ്ഥാപിക്കുന്നതിന് തിരുവനന്തപുരം തിരുമല വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 207ല്‍ റീസര്‍വ്വേ നമ്പര്‍ 148ല്‍പ്പെടുന്ന 10.12 ആര്‍ സര്‍ക്കാര്‍ ഭൂമി നല്‍കും. ഒരു ആറിന് 100 രൂപ നിരക്കില്‍ ഗുരുദ്വാര ഗുരുനാനാക്ക് ദര്‍ബാര്‍ എന്ന സൊസൈറ്റിയുടെ പേരില്‍ നിബന്ധനകള്‍ക്കു വിധേയമായി 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇതോടൊപ്പം തന്നെ സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ 25 തസ്തികകള്‍ സൃഷ്ടിക്കും. നിലവിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ള 14 ജീവനക്കാർക്ക് സർക്കാർ സർവീസിൽ നിയമനം നൽകും. ബി.എഡ് യോഗ്യതയുള്ളവരും എന്നാല്‍ കെ-ടെറ്റ് യോഗ്യത ഇല്ലാത്തവരുമായ ജീവനക്കാര്‍ക്ക് കെ-ടെറ്റ് നേടുന്നതില്‍ നിന്ന് ഇളവ് അനുവദിക്കും. മറ്റ് ജീവനക്കാരെ അന്തിമതീരുമാനം എടുക്കുന്നതുവരെ ദിവസവേതനാടിസ്ഥാനത്തില്‍ തുടരാൻ അനുവദിക്കും.

കൊച്ചി മെട്രോയില്‍ 2025 വരെ എസ്.ഐ.എസ്.എഫ് സുരക്ഷാംഗങ്ങളെ ബില്‍ ഓഫ് കോസ്റ്റ് വ്യവസ്ഥ ഒഴിവാക്കി വിന്യസിക്കാന്‍ തീരുമാനിച്ചു. സേവനം വിട്ടുകിട്ടുന്നതിന് ചെലവിനത്തില്‍ പോലീസില്‍ അടയ്‌ക്കേണ്ട തുകയാണ് ഒഴിവാക്കിയത്. രണ്ടാംഘട്ടമായി സൃഷ്ടിച്ച 80 തസ്തികകളിലേക്ക് എസ്.ഐ.എസ്.എഫില്‍ നിന്ന് വിന്യസിക്കുന്നതിന് അനുമതി നല്‍കും.

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ്പിന് ധനകാര്യ വകുപ്പില്‍ സ്റ്റേറ്റ് നോഡല്‍ സെല്‍ രൂപീകരിക്കും. ആറാം ധനകാര്യ കമ്മീഷന് സൃഷ്ടിച്ച 6 താല്‍ക്കാലിക തസ്തികകള്‍ നിലനിര്‍ത്തി പുനര്‍വിന്യസിക്കും. 10 സാങ്കേതിക തസ്തികകള്‍ സൃഷ്ടിച്ച് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കും.

വെസ്റ്റ് കോസ്റ്റ് കനാലിന്റെ ഭാഗമായ ടി.എസ്. കനാലിന്റെ വര്‍ക്കല ഭാഗത്തെ വികസനത്തിന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കിഫ്ബി ഫണ്ടില്‍ നിന്നും ക്വില്‍ മുഖേന 2,21,98,012 രൂപ അനുവദിക്കും. പുനര്‍ഗേഹം മാതൃക പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട പുനരധിവാസം പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള 36 കുടുംബങ്ങളുടെ പുനരധിവാസത്തിന് 1,61,98,012 രൂപ അനുവദിക്കും. അധികമായി പുനരധിവസിപ്പിക്കേണ്ട 3 കുടുംബങ്ങള്‍ക്ക് 30,00,000 രൂപ നല്‍കും. ഇനിയും ഒഴിഞ്ഞുപോകാത്ത 30 കുടുംബങ്ങള്‍ക്ക് വാടക, മറ്റ് ചെലവുകള്‍ എന്നിവ അധികമായി നല്‍കുന്നതിന് 30,00,000 രൂപയും അനുവദിക്കും.