ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വിമാന ടിക്കറ്റിൽ പകൽ കൊള്ള; യാത്രാനിരക്ക് നാലിരട്ടി വരെ കൂട്ടി കമ്പനികൾ
ഗൾഫിൽ അവധിക്കാലമായതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ നാല് ഇരട്ടി വരെ വർദ്ധന വരുത്തി വിമാന കമ്പനികൾ. മലയാളികൾ ഏറ്റവും അധികം യാത്ര ചെയ്യുന്ന ദുബായ് ഷാർജ അബുദാബി റൂട്ടുകളിൽ വൻ വില വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.
ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റിന് 12,000 രൂപയാണ്. എന്നാൽ തിരികെയുള്ള ദുബായ് – തിരുവനന്തപുരം ടിക്കറ്റ് നാലിരട്ടി വർധിപ്പിച്ച് 44,000 രൂപയാണ് നിലവിലെ നിരക്ക്. അങ്ങോട്ടേക്ക് 18,000 രൂപയുള്ള എമിറേറ്റ്സിന് മടക്കയാത്രയ്ക്ക് എഴുപതിനായിരം രൂപ നൽകണം.
കോവിഡിൻ മുമ്പ് 10,000 രൂപയ്ക്ക് താഴെയായിരുന്ന ദുബായിലേക്കുള്ള എക്കണോമി ക്ലാസ് ടിക്കറ്റ് നിരക്ക് കോവിഡ് കഴിഞ്ഞതോടെ ഇരട്ടിയിലധികം ആക്കി വർദ്ധിപ്പിച്ചു. ഇപ്പോൾ സീസൺ എത്തിയതോടെ അവിടെ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റ് യാത്രക്കാരെ പിഴിയുന്ന വിമാന കമ്പനികൾ. മറ്റു ഗൾഫ് നാടുകളിൽ നിന്നും നാട്ടിലേക്ക് എത്തണമെങ്കിൽ വൻ തുക മുടക്കണം എന്നാണ് നിലവിലെ അവസ്ഥ.
ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കോവിഡിന് മുന്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് സർവീസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. അവധിക്കാലമായതിനാൽ കൂടുതൽ സർവീസുകൾ നടത്തിയാൽ മാത്രമേ നിരക്ക് കൂട്ടുന്നത് നിയന്ത്രിക്കാനാകും.