പശുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ ഹാന്‍സ് നിര്‍മാണം; ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങളും നിര്‍മാണ ഉപകരണങ്ങളും പിടികൂടി

single-img
28 June 2022

വാടകയ്ക്ക് എടുത്ത പശുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ കുറവിലങ്ങാട് ഹാന്‍സ് നിര്‍മാണം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥരും , പോലീസും ചേർന്ന് നടത്തിയ റെയ്ഡിലാണ് ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങളും നിര്‍മാണ ഉപകരണങ്ങളും പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറവിലങ്ങാട് പോലീസും നര്‍ക്കോട്ടിക് സെല്‍ വിഭാഗവും ചേര്‍ന്ന് റെയ്ഡിന് എത്തിയത്. പോലീസ് ഉദ്യോഗസ്ഥരെത്തുമ്പോള്‍ ആരുമുണ്ടായിരുന്നില്ല. എന്നാൽ റെയിഡിന് എത്തുന്നതിന് അല്പം മുമ്പ് വരെ ഇവിടെ ആളുകളുണ്ടായിരുന്നതായി അന്വേഷണ സംഘം സംശയിക്കുന്നു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

വൈക്കം ഡിവൈ.എസ്.പി. കെ.ജെ. തോമസ്, കുറവിലങ്ങാട് എസ്.എച്ച്.ഒ. നിര്‍മ്മല്‍ ബോസ്, നര്‍ക്കോട്ടിക് സെല്‍ എസ്.ഐ. സജീവ് ചന്ദ്രന്‍ തുടങ്ങിയവരുടെ സംഘമാണ് റെയ്ഡ് നടത്തിയത്.