നിങ്ങളുടെ ആളുകൾ ആളുകളെ കൊന്നാൽപോലും ആരും തൊടില്ല; പക്ഷെ ഞങ്ങൾ സത്യം പറഞ്ഞാൽ നോട്ടപ്പുള്ളികളാവും; കേന്ദ്രത്തിനെതിരെ മമത

single-img
28 June 2022

രാജ്യത്തെ പ്രമുഖ ഫാക്ട് ചെക്കിംഗ് മീഡിയയായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെയും മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെത്തൽവാദിന്റെയും അറസ്റ്റിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

‘വ്യാജമായ വീഡിയോകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ബിജെപിയുടെ കീഴിലുള്ള സോഷ്യൽ മീഡിയ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ നേതാക്കൾ വൃത്തികെട്ട കളവുകൾ പ്രചരിപ്പിച്ച് മറ്റുള്ളവരെ അപമാനിക്കുമ്പോൾ അവരെ അറസ്റ്റ് ചെയ്യില്ല. നിങ്ങൾ മൗനം പാലിക്കും. അവർ ആളുകളെ കൊന്നാൽപോലും ആരും തൊടില്ല, എന്നാൽ ഞങ്ങൾ സത്യം പറഞ്ഞാൽ നോട്ടപ്പുള്ളികളാവും.

ഇവിടെ ഇപ്പോൾ എന്തിനാണ് അവർ സുബൈറിനെ അറസ്റ്റ് ചെയ്തത്? എന്താണ് അദ്ദേഹം ചെയ്തത്? എന്തിനാണ് നിങ്ങൾ ടീസ്റ്റയെ അറസ്റ്റ് ചെയ്തത്? എന്താണ് അവർ ചെയ്തത്? ഇന്ന് ലോകം മുഴുവൻ ഇതിനെ അപലപിക്കുകയാണ്” – മമത പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണത്തിൽ ഇന്നലെയായിരുന്നു ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ സുബൈറിനെ അറസ്റ്റ് ചെയ്തത്. ഒരു ട്വിറ്റർ ഉപയോക്താവിന്റെ പരാതിയിലാണ് സുബൈറിനെതിരെ കേസെടുത്തത്. ചെയ്തത്.2002ൽ നടന്ന ഗുജറാത്ത് കലാപത്തിൽ നിരപരാധികളെ കുടുക്കാൻ വ്യാജരേഖകൾ ചമച്ചെന്ന കേസിലാണ് ടീസ്റ്റ സെത്തൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്.