കറുപ്പണിഞ്ഞ് പ്രതിപക്ഷത്തിന്റെ യുവ എം.എൽ.എമാർ, ബഹളത്തോടെ തുടക്കം; സഭ താല്‍കാലികമായി നിർത്തിവെച്ചു
പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനം താത്കാലികമായി നിർത്തിവെച്ചു.
ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുകയും, മുദ്രാവാക്യം വിളി ആരംഭിക്കുകയും ചെയ്തു. തുടർന്ന് സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷബഹളം തുടർന്നതിനാല്‍ സഭ തല്‍ക്കാലത്തേക്ക് നിർത്തിവെച്ചു. അഞ്ച് മിനിറ്റ് മാത്രമാണ് സഭ സമ്മേളിച്ചത്.
മാധ്യമങ്ങള്‍ക്ക് കടത്ത നിയന്ത്രണമാണ് സഭയില്‍ ഏർപ്പെടുത്തിയിരുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ സഭാ ടിവി പുറത്തുവിടരുതെന്ന് നിർദേശമുണ്ട്. മീഡിയ റൂമില്‍ മാത്രമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം. കഴിഞ്ഞസമ്മേളനം വരെ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിന് പുറമേ സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും ബഫര്‍ സോണ്‍ വിവാദവും അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.