നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു; ഭരണപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനൊരുങ്ങി പ്രതിപക്ഷം

single-img
27 June 2022

പിണറായി വിജയൻ നയിക്കുന്ന പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് ആരംഭമാകുന്നു. 23 ദിവസം നീണ്ടു നിൽക്കുന്ന ഈ സമ്മേളനത്തിൽ ഭരണപക്ഷത്തിനെതിരെ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിക്കൂട്ടില്‍ നിര്‍ത്താനാവും പ്രതിപക്ഷ ശ്രമം.

വയനാട്ടിൽ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത സംഭവത്തിന്റേയും അതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സമ്മേളനം ആരംഭിക്കുന്നത് എന്നത് പ്രതിപക്ഷം മുതലാക്കാനാണ് ഒരുങ്ങുന്നത്.

ഇതിനെ പ്രതിരോധിക്കാൻ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിക്കാട്ടി വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ത്തി ഭരണപക്ഷം പ്രതിപക്ഷത്തെ നേരിടാന്‍ തയ്യാറെടുക്കുന്നു. സ്വര്‍ണ്ണ കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെടെ
സഭയിൽ പ്രതിപക്ഷം ആയുധമാക്കും.

ഇതോടൊപ്പം തന്നെ സിപിഎമ്മിലെ പയ്യന്നൂരിലെ ഫണ്ട് വിവാദം, ലോക കേരളാ സഭയിലെ വിവാദ വനിത അനിത പുല്ലയിലിന്റെ സാന്നിധ്യം, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന, സില്‍വര്‍ലൈന്‍ പദ്ധതി, സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ബഫര്‍ സോണ്‍ എന്നിവയും പ്രതിപക്ഷം ഉയർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.