അംഗങ്ങൾക്ക് മൂക്കുകയറുമായി താരസംഘടന അമ്മ

single-img
27 June 2022

അംഗങ്ങളെ നിയന്ത്രിക്കാന്‍ പുതിയ മാർഗ്ഗനിർദ്ദേശവുമായി താരസംഘടന അമ്മ. രണ്ട് വർഷം തുടർച്ചയായി സഹകരിച്ചില്ലെങ്കിൽ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് പുതിയ തീരുമാനം. യുവതാരങ്ങൾ തുടർച്ചയായി യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് പുതിയ നീക്കം.

രണ്ട് വർഷം തുടർച്ചയായി സഹകരിച്ചില്ല എങ്കിൽ ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരിക്കുന്നതടക്കുമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കാനും അമ്മ തീരുമാനിച്ചു. കൊച്ചി കളമശ്ശേരിയില്‍ ഇന്നലെ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലായിരുന്നു തീരുമാനം.

അതേസമയം അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംഘടനയുടെ മുന്‍ ജനറൽ ബോഡി യോഗത്തിനിടെ നടന്ന ചർച്ചകൾ ഷമ്മി തിലകന്‍ മൊബൈൽ ഫോൺ ക്യാമറയില്‍ ചിത്രീകരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് അമ്മ നേതൃത്വം ഷമ്മി തിലകന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് തവണ വിശദീകരണം ചോദിച്ചിട്ടും ഷമ്മി മറുപടി നല്‍കിയിരുന്നില്ല. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ നടപടി വേണ്ടെന്ന് നിർദേശിച്ചെങ്കിലും സംഘടനയിലെ ചിലർ ഉറച്ചുനിന്നതോടെ തൊട്ടടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിടുകയും ചെയ്‍തിരുന്നു.