ബാത്ത് റൂം ഉദ്ഘാടനം ചെയ്യാൻ പോകുന്ന എംപിയാണ് രാഹുൽ ഗാന്ധി; വയനാടിനെക്കുറിച്ച് രാഹുലിന് ഒന്നുമറിയില്ല: പി ഗഗാറിൻ

single-img
26 June 2022

എംപി എന്ന നിലയിൽ സ്വന്തം മണ്ഡലത്തിൽ സന്ദർശനം നടത്തുമ്പോൾ പഞ്ചായത്ത് ഓഫിസിലെ ബാത്ത്‌റൂം ഉദ്ഘാടനം ചെയ്യുന്ന എംപിയാണ് രാഹുലെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ. വയനാട്ടിൽ എത്തിയാൽ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി എംപിക്ക് അറിയില്ലെന്നും വയനാടിനെക്കുറിച്ച് രാഹുലിന് ഒന്നും അറിയില്ലെന്നും കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംസാരിക്കവെ ഗഗാറിൻ പറഞ്ഞു.

രാഹുൽ ഗാന്ധി എന്താണ് ഈ നാടിനെപ്പറ്റി മനസിലാക്കിയത്. എന്തെങ്കിലും മനസിലാക്കിയ ആളാണെങ്കിൽ തരിയോട് പഞ്ചായത്ത് ഓഫിസിൽ പ്രസിഡന്റിനും അംഗങ്ങൾക്കും ബാത്ത് റൂമായി ഉണ്ടാക്കിയ റൂം ഉദ്ഘാടനം ചെയ്യാൻ പോകുമോയെന്നും അദ്ദേഹം ചോദിച്ചു. അതും ഉദ്ഘാടനം ചെയ്യാൻ പോകുന്ന എംപിയാണ് രാഹുൽ ഗാന്ധി.

രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ വന്നിട്ട് എന്താണ് ചെയ്യുന്നതെന്ന് അയാൾക്കും അറിയില്ല. എംപിയെന്ന നിലയിൽ ബഫർ സോൺ വിഷയത്തിൽ രാഹുൽ ഇടപെടണം. ഇതാണ് എസ്എഫ്‌ഐ പറഞ്ഞത്. ഇപ്പോൾ വാർത്തകൾ ധാരാളമായി വന്നപ്പോൾ എംപി ഇടപ്പെട്ടു. എസ്എഫ്‌ഐ പ്രതിഷേധ സമരം ചെയ്ത ദിവസം രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇടപെട്ട വിഷയത്തിൽ എസ്എഫ്‌ഐ കുട്ടികൾ വിജയിച്ചതായും അദ്ദേഹം അറിയിച്ചു.