വയനാട് എസ്എഫ്ഐ പ്രതിഷേധത്തിന്റെ പേരിൽ സംസ്ഥാനമാകെ കോണ്‍ഗ്രസ് അതിക്രമം

single-img
24 June 2022

രാഹുല്‍ ഗാന്ധി എം പിയുടെ വയനാട്ടിലെ ഓഫീസിനു നേരെ എസ് എഫ് ഐ മാര്‍ച്ച് നടത്തിയ സംഭവത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് അതിക്രമം. തൃശൂരില്‍ പ്രതിഷേധം നടത്തിയ കോൺഗ്രസ്‌ പ്രവർത്തകർ സ്വരാജ് റൗണ്ട് ഉപരോധിച്ചു. തലസ്ഥാനത്തെ പാളയത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടർന്ന് കോണ്‍ഗ്രസ് പ്രവർത്തകർ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചു.

പിന്നാലെ മാര്‍ച്ചില്‍ പങ്കെടുത്ത 5 മഹിളാ കോൺഗ്രസ്‌ പ്രവർത്തകരെയും ഒരു കോൺഗ്രസ്‌ പ്രവർത്തികനെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ പോലീസ് ക്യാമ്പിലേക്ക് മാറ്റി. സിപിഎമ്മിന്റെ എകെ ജി സെന്ററിലേക്ക് നടത്തിയ മാർച്ച്‌ ആണ് സംഘർഷത്തിൽ കലാശിച്ചത്.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേർക്ക് നടന്ന എസ്എഫ്ഐ യുടെ സംഘര്‍ഷത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു . കുറ്റക്കാർക്ക് എതിരെ നടപടി എടുക്കും. ഒരു രാഷ്ട്രീയ പാർട്ടി സംഘടന ഇത്തരത്തില്‍ അല്ല പെരുമാറേണ്ടത്. സംഘടനാതലത്തിൽ നടപടിയെടുക്കുന്ന കാര്യം എസ് എഫ് ഐ ആണ് തീരുമാനിക്കേണ്ടതെന്നും യെച്ചൂരി പറയുകയുണ്ടായി.