ഹിജാബ് ധരിക്കാൻ അനുവദിച്ചില്ല; മാംഗളൂരുവിൽ കോളേജിൽ നിന്നും ടിസി വാങ്ങി മുസ്ലീം വിദ്യാർത്ഥിനികൾ

single-img
23 June 2022

ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് എം,മാംഗളൂരുവിലെ കോളേജിൽ നിന്നും ടിസി വാങ്ങി മുസ്ലീം വിദ്യാർത്ഥിനികൾ. കർണാടകയിലെ മംഗളൂരു ഹമ്പകട്ട യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളാണ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നേരത്തെ കോളേജ് അധികൃതർക്ക് അപേക്ഷ നൽകുകയും പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നവരാണ്.

പക്ഷെ കോടതി വിധി ചൂണ്ടിക്കാട്ടി ഹിജാബ് ധരിയ്ക്കാൻ അനുവദിക്കാനാകില്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് വിദ്യാർത്ഥിനികൾ ടിസി വാങ്ങി മറ്റ് കോളേജിൽ ചേരാൻ തീരുമാനിച്ചത്. അതേസമയം, മുസ്ലീം പെൺകുട്ടികൾ വിദ്യാഭ്യാസ സ്ഥാപനത്തിലെ യൂണിഫോം നിയമങ്ങൾ പാലിക്കാൻ തയ്യാറല്ലെങ്കിൽ നിയന്ത്രണമില്ലാത്ത മറ്റ് കോളേജുകളിൽ ചേരാൻ അവർക്ക് അവസരം ഒരുക്കണമെന്ന് കോടതി ഉത്തരവിൽ പ്രത്യേകം പറഞ്ഞിരുന്നു.

ഹമ്പക്കട്ട ക്യാമ്പസിനുള്ളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പെൺകുട്ടികളാണ് എത്തിയത്. ഇവർ ഇതുസംബന്ധിച്ച് വാർത്താ സമ്മേളനവും നടത്തിയിരുന്നു. ഇതിൽ രണ്ട് കുട്ടികൾക്ക് എൻഒസി നൽകിയെന്നും ഒരാൾക്ക് ടിസി നൽകിയെന്നും കോളേജ് പ്രിൻസിപ്പൽ അനസൂയ റായ് പറഞ്ഞു. ഈ വർഷം മാർച്ചിൽ കർണാടക ഹൈക്കോടതി, ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള ഹർജികൾ തള്ളിയിരുന്നു.