യോഗ ലോകത്തിന്റെ ഉത്സവം; യോഗയ്ക്ക് ആഗോള സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും: പ്രധാനമന്ത്രി

single-img
21 June 2022

യോഗ എന്നത് ലോകത്തിന്റെ ഉത്സവമാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗ ജീവിതത്തിന്റെ ഭാഗമല്ല, ജീവിത രീതിയാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് മൈസൂരുവിൽ നടന്ന പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് വർഷം മുൻപ് വരെ നമ്മുടെ രാജ്യത്ത് വീടുകളിൽ മാത്രമാണ് യോഗ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും ലോകമെമ്പാടും അതിന് സ്വീകാര്യത ലഭിച്ചെന്നും പ്രധാനമന്ത്രി തന്റെ സഭാഷണത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ഗവർണർ താവർ ചന്ദ് ഗെലോട്ട്, കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സൊനാവാൾ എന്നിവരുൾപ്പെടെ 8000ത്തിൽ അധികം പേർ പ്രധാനമന്ത്രിയ്‌ക്കൊപ്പം മൈസൂരിലെ ചടങ്ങിൽ പങ്കെടുത്തു.

യോഗയ്ക്ക് ആഗോള സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗ നമുക്ക് സമാധാനം നൽകുന്നു. എന്നാൽ യോഗയിൽ നിന്നുള്ള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, അത് നമ്മുടെ രാജ്യങ്ങൾക്കും ലോകത്തിനും സമാധാനം നൽകുന്നു. അത് ലോകത്തെ ബന്ധിപ്പിക്കുകയും പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അതിന്റെ 75 -ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തെ 75 കേന്ദ്രങ്ങളിലായി കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗാഭ്യാസങ്ങൾ നടത്തുന്നത്.