അഗ്‌നിപഥ് രാജ്യസുരക്ഷയുടെ ഭാഗം തന്നെ; പിന്നോട്ടില്ലെന്ന് അജിത്ത് ഡോവൽ

single-img
21 June 2022

ഇന്ത്യൻ സൈന്യത്തിലെ കരാർ നിയമനമായ അഗ്നിപഥ് പദ്ധതിയിൽ നിന്നും ഒരിക്കലും പിന്നോട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ. ഈ പദ്ധതി ഒട്ടും ആലോചനയില്ലാതെയെടുത്ത തീരുമാനമല്ലെന്നും നിരവധി ചർച്ചകൾക്കും സമഗ്ര പഠനത്തിനും ശേഷം എടുത്ത തീരുമാനമാണെന്ന് അജിത്ത് ഡോവൽ പറഞ്ഞു.

പദ്ധതിയ്‌ക്കെതിരെ രാജ്യവ്യാപകമായി വിവിധ സംസ്ഥാനങ്ങളിൽ യുവാക്കൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിനിടെയാണ് അജിത്ത് ഡോവലിന്റെ പ്രതികരണം വന്നിട്ടുള്ളത്. ഡോവലിന്റെ വാക്കുകൾ ഇങ്ങിനെ: ‘അഗ്നിപഥ് പദ്ധതിയെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളിൽ നിന്ന് നോക്കേണ്ടതുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട പദ്ധതിയല്ല. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നപ്പോൾ, ഇന്ത്യയെ എങ്ങനെ സുരക്ഷിതവും ശക്തവുമാക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ മുൻഗണനകളിലൊന്ന്. അതിന് പല വഴികളും നടപടികളും തീരുമാനങ്ങളും ആവശ്യമായിരുന്നു. അഗ്‌നിപഥ് പദ്ധതി രാജ്യസുരക്ഷയുടെ ഭാഗം തന്നെയാണ്’

മാറുന്ന കാലത്തിൽ യുദ്ധ സങ്കൽപ്പങ്ങൾ വരെ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നേരിട്ടല്ലാതെയും സമ്പർക്കമില്ലാതെയുമുള്ള യുദ്ധങ്ങളിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. അദൃശ്യ ശത്രുക്കൾക്ക് എതിരെയാകും ഭാവിയിലെ യുദ്ധങ്ങൾ. ഇതിന്റെയെല്ലാം കാരണം വളരുന്ന സാങ്കേതിക വിദ്യയാണ്. നമ്മുടെ രാജ്യവും നാളേയ്ക്ക് വേണ്ടി തയ്യാറെടുക്കണമെങ്കിൽ നമ്മൾ ഓരോരുത്തരും മാറണം, വളരണം..’

അതേപോലെ തന്നെ സുരക്ഷാ സംവിധാനങ്ങളെല്ലാ കാലത്തും ഒരേപോലെയല്ല. അതിന് നിശ്ചല സ്വഭാവത്തിൽ തുടരാനാകില്ലെന്നും ഓരോ കാലങ്ങളിലും പരിഷ്‌കരിക്കേണ്ടതായുണ്ടെന്നും അജിത്ത് ഡോവൽ വ്യക്തമാക്കി. ഇത് പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ളതാണ്. നമ്മുടെ ദേശീയ താത്പര്യങ്ങളും ദേശീയ സ്വത്തുക്കളും സംരക്ഷിക്കേണ്ടതായുണ്ടെന്നും അജിത്ത് ഡോവൽ പറഞ്ഞു.