അഗ്നിപഥ് പ്രതിഷേധം: സെെന്യത്തിൽ ചേരാൻ ആരെയും നിർബന്ധിക്കുന്നില്ല; ഇഷ്ട്ടമുണ്ടെങ്കിൽ ചേർന്നാൽ മതി: ജനറൽ വി കെ സിംഗ്

single-img
20 June 2022

ഇന്ത്യൻ സൈന്യത്തിലെ കരാർ നിയമന പദ്ധതിയായ അ​ഗ്നിപഥിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ വിമർശിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വി കെ സിംഗ് രംഗത്തെത്തി . പദ്ധതി ഇഷ്ട്ടമല്ലാത്തവർ ആ ജോലിയെ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല. ഇന്ത്യൻ സെെന്യത്തിൽ ചേരാൻ ആരെയും നിർബന്ധിക്കുന്നില്ല. അവർക്ക് ഇഷ്ട്ടമുണ്ടെങ്കിൽ ചേർന്നാൽ മതിയെന്ന് വി കെ സിംഗ് പ്രതികരിച്ചു.

ഇന്ന് രാവിലെ നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’ഇന്ത്യൻ സെെന്യത്തിൽ ചേരുക എന്നത് സ്വമേധയാ എടുക്കേണ്ട തീരുമാനമാണ്. അതിനായി ആരും നിങ്ങളെ നിർബന്ധിക്കേണ്ടതല്ല. അഗ്നിപഥ് റിക്രൂട്ട്മെൻ്റ് പദ്ധതി ഇഷ്ട്ടമല്ലെങ്കിൽ നിങ്ങൾ ചേരാതിരിക്കുക. സെെന്യത്തിൽ ചേരാൻ നിങ്ങളെ ആരാണ് നിർബന്ധിച്ചത്. നിങ്ങൾ ബസുകളും ട്രെയിനുകളും കത്തിക്കുകയാണ്. യോ​ഗ്യതാ ടെസ്റ്റ് പാസായാൽ മാത്രമെ സെെന്യത്തിലേക്ക് എടുക്കുകയുള്ളൂ’. വി കെ സിംഗ് പറഞ്ഞു.

ഇതോടൊപ്പം കോൺഗ്രസിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിൻ്റെ ക്ഷീണം തീർക്കാൻ പഴയ പാർട്ടി മോദി സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളിൽ പോലും തെറ്റ് കണ്ടെത്തുകയാണ്. കോൺഗ്രസ് യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം രാജ്യത്ത് അശാന്തി സൃഷ്ടിക്കുകയാണെന്നും സിംഗ് അഭിപ്രായപ്പെട്ടു.