അഗ്നിപഥ് നേരത്തെ തന്നെ ആസൂത്രണം ചെയ്തത്; മാറ്റമില്ലെന്ന് പ്രതിരോധമന്ത്രാലയം

single-img
19 June 2022

സൈന്യത്തിലെ കരാർ നിയമന പദ്ധതിയായ അഗ്നിപഥ് പദ്ധതിയില്‍ അടുത്തിടെ പ്രഖ്യാപിച്ച മാറ്റങ്ങള്‍ നേരത്തെ തന്നെ ആസൂത്രണം ചെയ്തതാണെന്ന് സൈനികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അനില്‍ പുരി പറഞ്ഞു. 1989ല്‍ തന്നെ ഈ പദ്ധതി ആസൂത്രണം ചെയ്തതാണ്. അത് നടപ്പിലാക്കുന്നതിനുള്ള നടപടികളും അന്ന് തന്നെ ആരംഭിച്ചിരുന്നു.

കേന്ദ്രം നടപ്പാക്കുന്ന അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചുള്ള സംയുക്ത സേനാ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ഞങ്ങള്‍ക്ക് ആദ്യം പദ്ധതിയുടെ പല വശങ്ങളും പരിഗണിക്കുകയും മറ്റ് പല മാറ്റങ്ങളും നടപ്പിലാക്കുകയും വേണം. പ്രായത്തിന്റെ വശം പരിഗണിക്കേണ്ടതുണ്ട്. സായുധ സേനയില്‍ ചേരാനുള്ള പ്രായം ആദ്യം കുറയ്ക്കണം. കമാന്‍ഡിംഗ് ഓഫീസര്‍മാരുടെ പ്രായവും കുറയേണ്ടതുണ്ട്. സായുധ സേനയ്ക്ക് യുവാക്കളുടെയും പരിചയസമ്പന്നരായ വ്യക്തികളുടെയും ആവശ്യമുണ്ട്.

യുവരക്തത്തിന്റെയും തുല്യമായ അനുഭവപരിചയത്തിന്റെയും ഒരു മിശ്രിതമാണ് സേനയ്ക്ക് വേണ്ടത്. 2030-ആകുന്നതോടെ , ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയും 25 വയസ്സിന് താഴെയുള്ളവരായിരിക്കും. പരിചയസമ്പന്നരായ സൈനികര്‍ക്കൊപ്പം ആവേശവും ഊര്‍ജ്ജവും നിറഞ്ഞ ഒരു നല്ല യുവജനങ്ങളെ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്,’ അനില്‍ പൂരി പറഞ്ഞു.

ഭാവിയില്‍ സംഭവിക്കുന്ന യുദ്ധങ്ങള്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കവചിത വാഹനങ്ങളും ടാങ്കുകളും നശിപ്പിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കും. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ വൈദഗ്ധ്യമുള്ള യുവാക്കളെയാണ് ഞങ്ങള്‍ക്ക് വേണ്ടത്. നമ്മുടെ രാജ്യത്തെ ഓരോ ചെറുപ്പക്കാരും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥരാണ്. റിക്രൂട്ട്മെന്റിന്റെ 70% ഗ്രാമങ്ങളില്‍ നിന്നും റൂറല്‍ പ്രദേശങ്ങളില്‍ നിന്നുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആർമിയുടെ അഡ്ജറ്റന്റ് ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ ബന്‍സി പൊനപ്പ, ഇന്ത്യന്‍ നേവിയുടെ ചീഫ് ഓഫ് പേഴ്സണല്‍ വൈസ് അഡ്മിറല്‍ ദിനേഷ് ത്രിപാഠി, ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പേഴ്സണല്‍ ഇന്‍ചാര്‍ജ് എയര്‍ മാര്‍ഷല്‍ സൂരജ് ഝാ എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.